'ഒരു പണിയുമില്ലേ നിനക്കൊക്കെ, ഇതിനെക്കാളും നീയൊക്കെ തെണ്ടാൻ പോ'; മാധ്യമപ്രവർത്തകനെ അധിക്ഷേപിച്ച് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തനാണ് മാധ്യമപ്രവർത്തകനെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.
തിരുവനന്തപുരം: യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ മാധ്യമപ്രവർത്തകനെ അധിക്ഷേപിച്ച് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തൻ. 'വേറെ ഒരു പണിയുമില്ലേ നിനക്കൊക്കെ, ഇതിനെക്കാളും നീയൊക്കെ തെണ്ടാൻ പോ' എന്നായിരുന്നു മാധ്യമപ്രവർത്തകനോട് ദത്തന്റെ പ്രതികരണം.
ഉപരോധത്തെ തുടർന്ന് സെക്രട്ടേറിയറ്റ് കവാടത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ പൊലീസ് അകത്തുകയറാനെത്തിയ എം.സി ദത്തനെ ബാരിക്കേഡിന് സമീപം തടഞ്ഞിരുന്നു. പിന്നീട് അകത്തുകയറിയ ഉടൻ പ്രതികരണം തേടിയപ്പോഴാണ് ദത്തൻ മാധ്യമങ്ങളോട് തട്ടിക്കയറിയത്.
സർക്കാരല്ലിത് കൊള്ളക്കാർ എന്ന മുദ്രാവാക്യമുയർത്തിയാണ് യു.ഡി.എഫ് രാവിലെ 6.30 മുതൽ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചത്. കന്റോൺമെന്റ് ഗേറ്റ് ഒഴികെയുള്ള വഴികളെല്ലാം പ്രതിഷേധക്കാർ ഉപരോധിച്ചു. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉപരോധം ഉദ്ഘാടനം ചെയ്തു.