കുറുപ്പംപടി പീഡനം: പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത് അമ്മക്ക് അറിയാമായിരുന്നെന്ന് പ്രതി
കുട്ടികളുടെ അമ്മയെയും കേസിൽ പ്രതി ചേർക്കും


കൊച്ചി: കുറുപ്പംപടിയില്‍ സഹോദരിമാരെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കുട്ടികളുടെ അമ്മയെയും കേസിൽ പ്രതി ചേർക്കും. കുട്ടികൾ പീഡനത്തിനിരയായെന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് അറസ്റ്റിലായ പ്രതി ധനേഷ് പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടികളുടെ അമ്മയുടെ ആണ്‍സുഹൃത്താണ് ധനേഷ്. 10 ഉം 12 ഉം വയസ്സുള്ള സഹോദരിമാരാണ് പീഡനത്തിനിരയായത്.
സ്കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പെണ്‍കുട്ടികളുടെ അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്താണ് അമ്മയുടെ സുഹൃത്തായ ധനേഷ് കുട്ടികളെ ശാരീരികമായി ഉപദ്രവിച്ചത്. കുട്ടികളിൽ ഒരാൾ ഈ വിവരം ഒരു പേപ്പറിൽ എഴുതി സ്കൂളിലെ കൂട്ടുകാരിക്ക് കൊടുത്തു. ഇത് അധ്യാപികയുടെ കൈവശം കിട്ടി. അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
പോക്സോ കേസിന് പുറമെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കൂടുതൽ കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ മൂത്ത കുട്ടിയോട് പ്രതി ആവശ്യപ്പെട്ടെന്ന് പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ പറഞ്ഞു. രണ്ട് വര്‍ഷമായി കുട്ടികളെ ഇയാള്‍ പീഡനത്തിനിരയാക്കിയെന്നാണ് പൊലീസ് പറയുന്നത്.