മാസപ്പടി കേസ്: 'അഴിമതിക്കെതിരായ പോരാട്ടം തുടരും'; മാത്യു കുഴല്‍നാടന്‍

'മുഖ്യമന്ത്രിക്കെതിരായ നിയമപോരാട്ടം അനായാസമല്ലെന്ന ബോധ്യം ഉണ്ടായിരുന്നു'

Update: 2025-03-28 11:24 GMT
Editor : നബിൽ ഐ.വി | By : Web Desk
മാസപ്പടി കേസ്: അഴിമതിക്കെതിരായ പോരാട്ടം തുടരും; മാത്യു കുഴല്‍നാടന്‍
AddThis Website Tools
Advertising

കൊച്ചി: മാസപ്പടി കേസിൽ അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎൽഎ. സിഎംആർഎൽ - എക്സാലോജിക് ഇടപാടുകളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ ഹൈക്കോടതി തള്ളിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിധി നിരാശപ്പെടുത്തിയില്ലെന്നും പോരാട്ടം അവസാനിപ്പിക്കില്ലെന്നും മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ നിയമപോരാട്ടമാണ്. അനായാസമല്ലെന്ന ബോധ്യം ഉണ്ടായിരുന്നു. നിയമ യുദ്ധം തുടരും. സംസ്ഥാനത്തെ അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്ന് ജനങ്ങള്‍ക്ക് കൊടുത്ത വാക്കാണ്. തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും മാത്യൂ കുഴല്‍നാടൻ കൂട്ടിച്ചേർത്തു.

'ഒരുപാട് അക്രമികളും അഴിമതിക്കാരും ബലാത്സംഗം ചെയ്തവരും തെളിവില്ലാത്തതിന്റെ പേരിൽ കോടതി നടപടികളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്ന് കരുതി അവർ ചെയ്ത കുറ്റകൃത്യം ഇല്ലാതാകുന്നില്ല. ഉത്തരവിന്റെ പൂർണ്ണരൂപം കിട്ടിയതിനുശേഷം സഹപ്രവർത്തകരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കും. യുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടിയാണ് എന്ന് പറയാൻ ആവില്ല'-‌മാത്യൂ കുഴല്‍നാടൻ പറഞ്ഞു.

അന്തരിച്ച പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിന്റെയും മാത്യു കുഴൽനടൻ എംഎൽഎയുടെയും ഹരജികളിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രിയുടെ മകളും മാസപ്പടിയായി പണം കൈപ്പറ്റിയതിൽ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

ഇത് തള്ളിയ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിനെതിരെയാണ് ഗിരീഷ് ബാബുവിന്റെ ഹരജി. നൽകാത്ത സേവനത്തിന് സിഎംആർഎല്ലിൽ നിന്ന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക് കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് അന്വേഷിക്കണമെന്നാണ് മാത്യു കുഴൽനാടന്റെ ആവശ്യം. ഇക്കാര്യം തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിന് എതിരെയാണ് മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചത്. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News