ചിന്നക്കനാൽ ഭൂമി വിവാദ കേസ്; മാത്യു കുഴൽനാടൻ ഉൾപ്പെടെ 21 പേര്‍ പ്രതികളെന്ന് വിജിലൻസ് എഫ്.ഐ.ആർ
ദേവികുളം തഹസിൽദാർ ആയിരുന്ന ഷാജിയാണ് ഒന്നാംപ്രതി
ഇടുക്കി: ഇടുക്കി ചിന്നക്കനാൽ ഭൂമി വിവാദക്കേസിൽ മാത്യു കുഴൽനാടൻ ഉൾപ്പെടെ 21 പേരെ പ്രതിയാക്കി വിജിലൻസ് എഫ്.ഐ.ആർ. ക്രമക്കേടുണ്ടെന്നറിഞ്ഞിട്ടും കുഴൽ നാടൻ ഭൂമി വാങ്ങിയെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കി. ഇടുക്കി വിജിലൻസ് യുണിറ്റാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും കേസ് കൊണ്ട് തന്നെ തകർക്കാൻ ആകില്ലെന്നുമായിരുന്നു മാത്യു കുഴൽനാടന്റെ പ്രതികരണം.
2012 മുതൽ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തിയ സർക്കാർ ഉദ്യോഗസ്ഥരടക്കം 21 പേരെ പ്രതിചേർത്താണ് വിജിലൻസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. കേസിൽ പതിനാറാം പ്രതിയാണ് മാത്യു കുഴൽ നാടൻ. ദേവികുളം തഹസിൽദാർ ആയിരുന്ന ഷാജിയാണ് ഒന്നാംപ്രതി. നിയമപ്രകാരമുള്ള ഒരേക്കർ 23 സെൻ്റോളം ഭൂമിയിൽ മിച്ചഭൂമി കേസുള്ള കാര്യം മറച്ചുവെച്ച് രജിസ്ട്രേഷൻ നടത്തിയെന്നും നികുതി വെട്ടിച്ചെന്നുമായിരുന്നു വിജിലൻസ് കണ്ടെത്തൽ.
പട്ടയത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് അധിക ഭൂമി കയ്യേറിയെന്നും മതിൽ നിർമിച്ചെന്നുമുള്ള വിജിലൻസ് റിപ്പോർട്ട് റവന്യൂ വകുപ്പ് ശരി വെക്കുകയും ചെയ്തു. എന്നാൽ ഭൂമി വാങ്ങുന്ന സമയത്ത് പ്രശ്നമുള്ളതായി കണ്ടിരുന്നില്ലെന്നും വിജിലൻസിനെ വെച്ച് തന്നെ തളർത്താൻ ആകില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. മോദിക്ക് എങ്ങനെയാണോ ഇ ഡി അത് പോലെയാണ് പിണറായിക്ക് വിജിലൻസെന്നും കുഴൽനാടൻ തുറന്നടിച്ചു.
ഒരു കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപ ആധാരത്തിൽ കാണിച്ച വസ്തുവിന് നാമനിർദേശത്തിനൊപ്പം നൽകിയ സത്യവാങ്ങ്മൂലത്തിൽ മാത്യുവിൻ്റെ വിഹിതമായി മൂന്നര കോടി രൂപയാണ് കാണിച്ചിരിക്കുന്നതെന്നും ഏഴ് കോടി മതിപ്പ് വിലയുണ്ടായിട്ടും സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും അടക്കാതെ ഖജനാവിന് നഷ്ടം വരുത്തിയെന്നും കാട്ടി സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനാണ് വിജിലൻസിൽ പരാതി നൽകിയത്.