സിറ്റി ഗ്യാസ് പദ്ധതിയുടെ നിരക്ക് വർധന: വിതരണ കമ്പനിയുടെ വാദം പൊളിയുന്നു
2017 നും 21 നും ഇടയിൽ 400 ലധികം രൂപയാണ് 21 കിലോയുടെ ഗ്യാസിന് വർധിപ്പിച്ചിരിക്കുന്നത്
കൊച്ചി: റഷ്യ -യുക്രൈൻ യുദ്ധത്തെ തുടർന്ന് മാത്രമാണ് സിറ്റി ഗ്യാസ് പദ്ധതിയുടെ വൻനിരക്ക് വർധന എന്ന വിതരണ കമ്പനിയുടെ വാദം പൊളിയുന്നു. യുദ്ധത്തിന് മുന്‍പും പലപ്പോഴായി വില വർധിപ്പിച്ചതിന്‍റെ രേഖകൾ മീഡിയവണിന് ലഭിച്ചു. 2017 നും 21 നും ഇടയിൽ 400 ലധികം രൂപയാണ് 21 കിലോയുടെ ഗ്യാസിന് വർധിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ നിരക്ക് എൽപിജിയുമായി താരതമ്യപ്പെടുത്താൻ ആകില്ലെന്ന വിചിത്ര വാദവുമായി വിതരണ കമ്പനിയായ ഇന്ത്യന്‍ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് രംഗത്തെത്തി.
ഭീമമായ തുകയുടെ ബില്ല് ലഭിച്ചതോടെ കൊച്ചിയിലെ നിരവധി ഉപഭോക്താക്കള്‍ സിറ്റി ഗ്യാസ് പദ്ധതി ഉപേക്ഷിച്ചത് ഇന്നലെ മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഷ്- യുക്രൈന്‍ യുദ്ധമാണ് വില വര്‍ധനക്ക് കാരണമെന്നും യുദ്ധത്തിന് മുന്‍പ് കാര്യമായി വില വര്‍ധിപ്പിച്ചിട്ടില്ലെന്നുമായിരുന്നു വിതരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ വാദം. എന്നാല്‍ ഈ വാദം പൊളിക്കുന്നതാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ച ബില്‍. 2018-ല്‍ 744 രൂപയായിരുന്നു 21 കിലോയുടെ ഗ്യാസിന്‍റെ വില.
2019ല്‍ ഇത് 831 ആയി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 1154 രൂപയായിരുന്നുവെന്നും ഉപഭോക്താക്കള്‍ക്ക് ലഭിച്ച ബില്ലില്‍ വ്യക്തം. എല്‍. പി.ജിയെക്കാള്‍ 40 ശതമാനം കുറഞ്ഞ നിരക്കില്‍ ഗ്യാസ് ലഭ്യമാക്കുമെന്നായിരുന്നു വിതരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് 2016ല്‍ കൊച്ചിക്കാര്‍ക്ക് നല്കിയിരുന്ന വാഗ്ദാനം. ഇത് പിന്നീട് 30 ശതമാനം ആയി. ഏറ്റവും ഒടുവില്‍ കണ്ണൂര്‍ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ടമെന്‍റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ 20 ശതമാനമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനിടയിലാണ് നിരക്ക് വര്‍ധന സംബന്ധിച്ച വിതരണ കമ്പനിയുടെ വിചിത്ര വാദം. നിലവിലെ സാഹചര്യത്തില്‍ സിറ്റി ഗ്യാസിന്‍റെ നിരക്ക് എല്‍.പി.ജിയുമായി താരതമ്യപ്പെടുത്താനാകില്ലെന്ന് കമ്പനി പറയുന്നു.