കുട്ടനാട്ടിൽ സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം; അ‍ഞ്ചാൾക്ക് പരിക്ക്; അഞ്ച് പേർ അറസ്റ്റിൽ

വിഭാഗീയത രൂക്ഷമായ രാമങ്കരിയിൽ ഇന്നലെയുണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു സംഘർഷം.

Update: 2023-02-13 05:05 GMT
Advertising

ആലപ്പുഴ: കുട്ടനാട്ടിൽ സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ അ‍ഞ്ച് പേർക്ക് പരിക്കേറ്റു. രാമങ്കരി ലോക്കൽ കമ്മിറ്റിയംഗം ശരവണൻ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രൻ എന്നിവരുൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.

വിഭാഗീയത രൂക്ഷമായ രാമങ്കരിയിൽ ഇന്നലെയുണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു സംഘർഷം. സംഘർഷത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറെക്കാലമായി കുട്ടനാട്ടിൽ വിഭാഗീയത രൂക്ഷമാണ്. അടുത്തിടെ വിഭാഗീയതയെ തുടർന്ന് 300ഓളം പേർ പാർട്ടി വിടുന്നത് ചൂണ്ടിക്കാട്ടി കത്തുൾപ്പെടെ നൽകിയിരുന്നു. അതിനിടയ്ക്കാണ് ഈ പ്രശ്‌നം സംഘർഷത്തിൽ കലാശിച്ചത്.

വാക്കുതർക്കം സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. പരിക്കേറ്റ അഞ്ചിൽ രണ്ട് പേരുടെ പരിക്ക് സാരമാണ്. രാമങ്കരി ലോക്കൽ കമ്മിറ്റിയംഗം ശരവണൻ, ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹി രഞ്ജിത് രാമചന്ദ്രൻ എന്നിവരുടെ തലയ്ക്കാണ് പരിക്കേറ്റത്. ഇവരെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേരെ മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു.

വാഹനങ്ങളിൽ കമ്പിവടികളുമായെത്തി ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഔദ്യോഗിക വിഭാഗത്തേയും വിമത വിഭാഗത്തേയും പിന്തുണയ്ക്കുന്നവർ തമ്മിൽ പ്രദേശത്ത് ഏറെക്കാലമായി തർക്കം രൂക്ഷമായി തുടരുകയാണ്. തർക്കം രാമങ്കരിയിൽ നിന്നും മറ്റ് ലോക്കൽ കമ്മിറ്റികളിലേക്കും പടരുകയായിരുന്നു. ഇന്നലെയും തർക്കം ഉണ്ടായതിനു പിന്നാലെയാണ് സംഘർഷമുണ്ടായത്.

നേരത്തെ, വിഭാഗീയത പരിഹരിക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം തന്നെ ഇടപെട്ടിരുന്നു. മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ കുട്ടനാട്ടിലെത്തുകയും ലോക്കൽ കമ്മിറ്റികളിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. ജില്ലയിലെ പ്രധാന നേതാക്കളെത്തി ബ്രാഞ്ച് തലത്തിലും പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ അത് പൂർണമായും ഫലംകണ്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലത്തെ സംഘർഷം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News