വയനാട് മുസ്‍ലിം ലീഗ് ഓഫീസിൽ നേതാക്കൾ തമ്മിൽ കൈയ്യാകളി
എംഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.പി ഷൈജൽ അടക്കം നാലു പേർക്ക് മർദനമേറ്റു
വയനാട് മുസ്‍ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ നേതാക്കൾ തമ്മിൽ കൈയ്യാകളി. എംഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.പി ഷൈജൽ അടക്കം നാലു പേർക്ക് മർദനമേറ്റു. അതേസമയം ഓഫീസിൽ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും ഷൈജലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചെന്നും ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് കൽപ്പറ്റയിലെ ലീഗ് ജില്ലാ ഓഫീസിൽ സംഘർഷമുണ്ടായത്. മുട്ടിൽ ഡബ്ല്യുഎംഒ കോളജിൽ വെച്ച് തന്നെ യൂത്ത് ലീഗ് നേതാവ് മർദിച്ചത് ചോദിക്കാൻ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയപ്പോൾ ജില്ലാ സെക്രട്ടറി അടക്കമുള്ളവർ മർദിക്കുകയായിരുന്നു എന്നാണ് ഷൈജലിന്‍റെ ആരോപണം.
എന്നാൽ ഷൈജലിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് മുസ്‍ലിം ലീഗ് ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം. പ്രളയ ഫണ്ട് തട്ടിപ്പ് ആരോപണങ്ങളിൽ വയനാട് ജില്ലാ മുസ്‍ലിം ലീഗിൽ മാസങ്ങളായി ഭിന്നത നിലനിൽക്കുന്നുണ്ട്. ഹരിത വിഷയത്തിലും പാർട്ടി നേതൃത്വം രണ്ട് തട്ടിലായിരുന്നു. ഇതിന്‍റെ തുടർച്ചയാണ് ഇന്നലത്തെ സംഘർഷങ്ങളെന്നാണ് വിലയിരുത്തല്‍.