തെളിവില്ല; ലഹരിക്കടത്ത് കേസിൽ സി.പി.എം നേതാവ് എ.ഷാനവാസിന് ക്ലീൻ ചിറ്റ്
സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി
ആലപ്പുഴ: ലഹരിക്കടത്തുകേസിൽ ആരോപണവിധേയനായ സിപിഎം നേതാവ് എ.ഷാനവാസിന് പൊലീസിന്റെ ക്ലീൻചിറ്റ്. ഷാനവാസിനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ലഹരിക്കടത്ത് മറയ്ക്കാൻ സിപിഎമ്മിലെ വിഭാഗീയത ഊതിപ്പെരുപ്പിച്ച് കാണിക്കുന്നുവെന്ന് പാർട്ടിക്കുള്ളിൽ ആരോപണം ഉയർന്നിട്ടുണ്ട്.
വാഹനം വാടകയ്ക്ക് നൽകിയതാണെന്നും, ലഹരിക്കടത്തിൽ പങ്കില്ലെന്നുമുള്ള ഷാനവാസിന്റെ വാദം ശരിവെച്ചാണ് പൊലീസിന്റെ റിപ്പോർട്ട്. ഒരുകോടി വിലവരുന്ന നിരോധിത പുകയില ഉത്പന്ന കടത്തിൽ ഷാനവാസിന്റെ പങ്ക് കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടിലുണ്ട്. വാഹനം വാടകയ്ക്കെടുത്തത് കട്ടപ്പന സ്വദേശി ജയനാണെങ്കിലും കടത്തിൽ ഇയാൾക്ക് പങ്കുള്ളതിനും തെളിവില്ല.
സ്വകാര്യ കേബിൾ കമ്പനി കരാറുകാരനായ ഷാനവാസ് അനധികൃത സ്വത്ത് സമ്പാദിച്ചതായി വിവരമില്ല. പൂർണമായും ഷാനവാസിനെ പിന്തുണക്കുന്ന റിപ്പോർട്ട് സ്പെഷ്യൽ ബ്രാഞ്ച് ആലപ്പുഴ ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കേസിൽ പാർട്ടി അന്വേഷണ കമ്മീഷന്റെ പരിശോധന തുടരുന്നതിനിടെ പൊലീസ് റിപ്പോർട്ട് പുറത്തുവന്നതും ശ്രദ്ധേയമാണ്. റിപ്പോർട്ടിന് പിന്നിൽ സിപിഎം ഇടപെടലെന്നാരോപിച്ച കോൺഗ്രസ് വ്യാപക പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്.
അതേസമയം പാർട്ടിയിൽ വിഭാഗീയതയെന്ന് പുകമറ സൃഷ്ടിച്ച് ലഹരിക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാൻ ഷാനവാസ് ശ്രമിക്കുന്നുവെന്ന് പാർട്ടിക്കുള്ളിൽ തന്നെ ആരോപണമുയർന്നു. രഹസ്യയോഗം ചേർന്നെന്ന ആരോപണം ഇതിന്റെ ഭാഗമെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ ഉൾപ്പെട്ട ഔദ്യോഗിക പക്ഷത്തിന്റെ ആക്ഷേപം. ആരോപണ പ്രത്യാരോപണങ്ങളും പൊലീസ് റിപ്പോർട്ടുമൊക്കെയായി വരുന്ന സിപിഎം ജില്ലാ നേതൃയോഗങ്ങൾ കലുഷിതമാകുമെന്നുറപ്പ്.