മരണവീട്ടില്‍ പോകുന്നത് നിഷിദ്ധമല്ല; സി.പി.എം നേതാക്കള്‍ പാനൂർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടയാളുടെ വീട് സന്ദര്‍ശിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

വീടിന്‍റെ അടുത്ത് ഒരാൾ മരിച്ചാൽ പോകുന്നത് പോലെയാണ് നേതാക്കൾ പോയത്

Update: 2024-04-08 05:54 GMT
Editor : Jaisy Thomas | By : Web Desk

പിണറായി വിജയന്‍

Advertising

കണ്ണൂര്‍: പാനൂർ സ്ഫോടനത്തിൽ മരിച്ച ഷെറിലിന്‍റെ വീട് സി.പി.എം നേതാക്കൾ സന്ദർശിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണവീട്ടില്‍ പോകുന്നത് നിഷിദ്ധമല്ല. വീടിന്‍റെ അടുത്ത് ഒരാൾ മരിച്ചാൽ പോകുന്നത് പോലെയാണ് നേതാക്കൾ പോയത്. കുറ്റത്തോടും കുറ്റവാളികളോടും മൃദുസമീപനമില്ല. കേരളത്തിൽ ബോംബ് നിർമ്മിക്കേണ്ട ആവശ്യമില്ല. പ്രതികൾക്കെതിരെശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബിക്കെതിരെ ഇ.ഡി എത്ര തപ്പിയിട്ടും ഒന്നും കിട്ടിയില്ലെന്ന് പിണറായി ചൂണ്ടിക്കാട്ടി. നാടിന്‍റെ വികസനത്തിന്റെ പര്യായമായി കിഫ്ബി മാറി. വികസനം നല്ല രീതിയിൽ നടക്കുമ്പോൾ വിരട്ടാൻ ഉള്ള ശ്രമമാണ് നടക്കുന്നത്. കിഫ്ബി വഴി ഉള്ള വികസനം ഇല്ലാത്ത ഏതെങ്കിലും ഒരു മണ്ഡലം കാണാൻ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

എല്ലാ മണ്ഡലങ്ങളിലും എൽ.ഡി.എഫിനുള്ള അനുകൂല പ്രതികരണം യു.ഡി.എഫിനും എൻ.ഡി.എക്കും അങ്കലാപ്പുണ്ടാക്കുന്നുവെന്ന് പിണറായി പറഞ്ഞു. രണ്ട് കൂട്ടർക്കും കേരളത്തോട് ശത്രുതാ മനോഭാവമാണ് . സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്നത് മറച്ച് വെക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. കേന്ദ്രസർക്കാരിനെ ചോദ്യം ചെയ്യുന്ന മാധ്യമങ്ങളെ അടിച്ചമർത്തുകയാണ്. കേരളത്തിലെ ചില മാധ്യമങ്ങൾക്കും ഇത്തരം അനുഭവം ഉണ്ടായെന്ന് മീഡിയവൺ നിരോധനത്തെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. അനുസരണയുള്ള മാധ്യമങ്ങളെയാണ് കേന്ദ്രത്തിന് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാനാണ് ഇ.ഡിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ നടപടിയെന്ന് പിണറായി പറഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തു പോകും . ഇമ്മാതിരി കളി തൃശൂരിൽ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News