മുഖ്യമന്ത്രി വിദേശ യാത്ര നീട്ടി; ഇംഗ്ലണ്ടില്‍ നിന്നും പോവുക ദുബൈയിലേക്ക്, രണ്ട് ദിവസം വൈകും
യൂറോപ്പ് പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് തിരിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശ യാത്ര നീട്ടി. രണ്ട് ദിവസം കൂടി കഴിഞ്ഞായിരിക്കും മുഖ്യമന്ത്രി സംസ്ഥാനത്തെത്തുക. ലണ്ടനിൽ നിന്ന് മുഖ്യമന്ത്രി നാളെ യു.എ.ഇയിൽ എത്തും. രണ്ട് ദിവസം യു.എ.ഇയില്‍ തങ്ങിയതിന് ശേഷമാകും മുഖ്യമന്ത്രി നാട്ടിലെത്തുക. നിലവില്‍ മുഖ്യമന്ത്രിക്ക് യു.എ.ഇയില്‍ ഔദ്യോഗിക പരിപാടികളില്ല. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച ബിസിനസ് മീറ്റില്‍ പങ്കെടുത്ത ശേഷമാണ് മുഖ്യമന്ത്രി യൂറോപ്പില്‍ നിന്നും മടങ്ങുന്നത്. അതെ സമയം യൂറോപ്പ് പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് തിരിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇക്കാര്യത്തിലാണ് ഇപ്പോള്‍ അടിയന്തരമായി മാറ്റം വരുത്തിയിരിക്കുന്നത്.
ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദർശനം നടത്തിയത്. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ പഠിക്കുകയായിരുന്നു യാത്രയുടെ പ്രധാനലക്ഷ്യം. വിദേശയാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും മകളും കൊച്ചുമകനും അനുഗമിച്ചിരുന്നു.