മുഖ്യമന്ത്രി ആർ.എസ്.എസ്സിന് വളം വെച്ചുനൽകുന്നു: എസ്.ഡി.പി.ഐ
കണ്ണൂരിലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവന കൊണ്ട് ആർഎസ്എസ്സിന് മാത്രമാണ് ഗുണമുണ്ടാവുകയെന്നു എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് ആർഎസ്എസ്സിന് വളർന്നു പന്തലിക്കാനുള്ള വളം വെച്ചുനൽകുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. കണ്ണൂർ ജില്ലയിലെ ചാവശ്ശേരിയിൽ ആക്രി സാധനങ്ങൾ ശേഖരിച്ചിരുന്നവർ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവന കൊണ്ട് ആർഎസ്എസ്സിന് മാത്രമാണ് ഗുണമുണ്ടാവുകയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഏതെങ്കിലും എസ്ഡിപിഐ ഓഫിസിൽ നിന്നോ പാർട്ടി പ്രവർത്തകരുടെ കൈയിൽ നിന്നോ നാളിതുവരെ ഏതെങ്കിലും തരത്തിലുള്ള ബോംബ് പിടികൂടിയിട്ടുണ്ടോ എന്നു സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നയാൾ എന്ന നിലയിൽ മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി കുറച്ചു കൂടി സത്യസന്ധത പുലർത്തണം. മതേതര പക്ഷത്തെ ചതിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി കുറ്റപ്പെടുത്തി. വാർത്താ സമ്മേളനത്തിൽ എസ്ഡിപിഐ സംസ്ഥാന സമിതിയംഗം അൻസാരി ഏനാത്ത്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ. റിയാസ് എന്നിവർ സംബന്ധിച്ചു.