'കേരളം പ്രളയത്തെ നേരിട്ടപ്പോൾ നാടിൻറെ രക്ഷയ്ക്കായി സധൈര്യം പ്രയത്നിച്ച സൈനികന്‍': പ്രദീപിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
പ്രദീപിന്‍റെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി ഫേസ്ബുക് കുറിപ്പിലൂടെ പറഞ്ഞു.
കൂനൂരിലെ ഹെലികോപ്‌റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളി വ്യോമസേന വാറൻ്റ് ഓഫീസർ എ. പ്രദീപിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രദീപിന്‍റെ മരണം നാടിനെയാകെ ദുഃഖത്തിലാഴ്ത്തുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനം പ്രളയത്തിന്‍റെ ഭീകരതയിലൂടെ കടന്നുപോയ സമയത്തെ പ്രദീപിന്‍റ സേവനത്തേയും ഓര്‍മപ്പെടുത്തി.
2018-ൽ കേരളം പ്രളയത്തെ നേരിടേണ്ടി വന്നപ്പോൾ നാടിന്‍റെ രക്ഷയ്ക്കായി സധൈര്യം പ്രയത്നിച്ച സൈനികനായിരുന്നു പ്രദീപെന്നും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി ഫേസ്ബുക് കുറിപ്പിലൂടെ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
സൈനിക ഹെലികോപ്‌റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളി വ്യോമസേന വാറൻ്റ് ഓഫീസർ എ. പ്രദീപിൻ്റെ വിയോഗം നമ്മളെയാകെ ദുഃഖത്തിലാഴ്ത്തുന്നു. 2018-ൽ കേരളം പ്രളയത്തെ നേരിടേണ്ടി വന്നപ്പോൾ നാടിൻ്റെ രക്ഷയ്ക്കായി സധൈര്യം പ്രയത്നിച്ച സൈനികനായിരുന്നു പ്രദീപ്. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. പ്രദീപിന് ആദരാഞ്ജലികൾ.
പ്രദീപിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ തേങ്ങുകയാണ് ജന്മനാട്. ഒരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞ് വിളിച്ച പ്രദീപിന്‍റെ അവസാന ഫോണ്‍ കോളിനെക്കുറിച്ച് ഓര്‍ക്കുകയാണ് കുടുംബം.''അമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട്.. അതിനു പോകാന്‍ ഒരുങ്ങുകയാണ്'' മരിക്കുന്നതിനു മുന്‍പ് പ്രദീപ് അമ്മയോടു പറഞ്ഞ വാക്കുകളാണിത്. പക്ഷെ പ്രധാനപ്പെട്ട ഡ്യൂട്ടി എന്നതിനേക്കാള്‍ അത് പ്രദീപിന്‍റെ അവസാന ഡ്യൂട്ടി ആയി മാറുകയും ചെയ്തു.
ഏതാനും ദിവസം മുന്‍പാണ് പ്രദീപ് നാട്ടിലെത്തിയത്. മകന്‍റെ പിറന്നാളും അച്ഛന്‍റെ ചികിത്സ ആവശ്യത്തിനുമായിട്ടാണ് പ്രദീപ് നാട്ടിലെത്തിയത്. ജോലിസ്ഥലത്ത് തിരിച്ചെത്തി വൈകാതെ തന്നെ പ്രദീപിനെ മരണം കവര്‍ന്നെടുത്തു. തൃശൂരില്‍ നിന്നും തിരിച്ചെത്തി നാലാം ദിവസമായിരുന്നു ഹെലികോപ്ടര്‍ അപകടം. പൊന്നൂക്കര മൈമ്പുള്ളി ക്ഷേത്രത്തിന് സമീപം അറക്കല്‍ വീട്ടില്‍ രാധാക്യഷ്ണന്‍റെ മൂത്ത മകനാണ് പ്രദീപ് (37). പ്രദീപിന്‍റെ മരണവാര്‍ത്ത അറിഞ്ഞ് സഹോദരന്‍ പ്രസാദ് കോയമ്പത്തൂരിലെക്ക് തിരിച്ചിട്ടുണ്ട്. കോയമ്പത്തൂരിലെ ക്വാര്‍ട്ടേഴ്‌സിലാണ് പ്രദീപും കുടുംബവും താമസിച്ചിരുന്നത്. ശ്രീലക്ഷ്മിയാണ് പ്രദീപിന്‍റെ ഭാര്യ, മക്കള്‍- ദക്ഷന്‍ ദേവ് (5),ദേവപ്രയാഗ് (2).
തമിഴ്‌നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ വെച്ചാണ് സംയുക്ത സേന മേധാവി ബിപിൻ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെടുന്നത്. ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, മകൾ മധുലിക രാവത്ത്, മകൻ എൽഎസ് ലിഡർ, ബ്രിഗേഡിയർ എൽ.എസ്.ലിദർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, നായിക് ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരടക്കം ഹെലികോപ്ടറിൽ 14 യാത്രികരാണുണ്ടായിരുന്നത്. ഡൽഹിയിൽ നിന്ന് സുലൂരിലേക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. സൈനിക ക്യാമ്പിൽ പങ്കെടുക്കാനായിരുന്നു യാത്ര. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.