എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരായ ആരോപണം: ഡി.ജി.പിയോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രി

റിപ്പോർട്ടിനു ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.

Update: 2024-09-01 13:42 GMT
Advertising

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരായ പി.വി അൻവർ എം.എൽ.എയുടെ ആരോപണങ്ങളിൽ മുഖ്യമന്ത്രി റിപ്പോർട്ട് തേടി. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിനോടാണ് റിപ്പോർട്ട് തേടിയത്.

ആരോപണങ്ങൾ പൊലീസ് ഉന്നതരെ കൂടാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയിലേക്കും നീങ്ങുകയും അത് മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും വെട്ടിലാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സർക്കാർ ഇടപെടൽ. ആരോപണങ്ങളിൽ വിശദീകരണം എന്ന നിലയ്ക്കാണ് റിപ്പോർട്ട് തേടിയത്.

അൻവറിന്റെ ആരോപണങ്ങൾ പൊലീസിന്റെ പ്രതിച്ഛായയ്ക്ക് കളങ്കംതീർത്തു എന്ന വിലയിരുത്തലിലാണ് സർക്കാർ. ഈ സാഹചര്യത്തിലാണ് പ്രതിച്ഛായ സംരക്ഷിക്കാനുള്ള ഇടപെടലിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഡി.ജി.പിയോട് റിപ്പോർട്ട് തേടിയിരിക്കുന്നത്. റിപ്പോർട്ടിനു ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.

ഇതിനു പുറമെ, മലപ്പുറം ക്യാമ്പ് ഓഫീസിലെ മരംമുറി അന്വേഷിക്കാൻ ‌ഇന്നു ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ‌‌അടിയന്തര യോഗത്തിൽ തീരുമാനമായി. ഇതിനായി തൃശൂർ ഡി.ഐ.ജി തോംസൺ ജോസിനെ ചുമതലപ്പെടുത്തി. ഡി.ജി.പിയുടെ അധ്യക്ഷതയിൽ ഓൺലൈനായാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്. 

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അജിത് കുമാറിനെതിരെ​ ​ഗുരുതര വെളിപ്പെടുത്തലുകളും ആരോപണങ്ങളുമായാണ് ഇന്ന് പി.വി അൻവർ എ.എൽ.എ രം​ഗത്തെത്തിയത്. അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ ആണെന്നും അദ്ദേഹത്തിന്റെ മാതൃക കുപ്രസിദ്ധനായ ദാവൂദ് ഇബ്രാഹിം ആണെന്നും അൻവർ പറഞ്ഞു. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അജിത് കുമാർ ആളുകളെ തല്ലിക്കുകയും കൊല്ലിക്കുകയും ചെയ്തിട്ടുണ്ടെന്നും അന്‍വർ ആരോപിച്ചു.

അതിന് തെളിവുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് ഈ കൊലകൾ നടന്നത്. ഇതിൽ പ്രതികളായ ആളുകളെയുൾപ്പെടെ മാധ്യമങ്ങൾക്കു മുന്നിൽ അടുത്ത ദിവസം ഹാജരാക്കും. അജിത്കുമാർ ദേശദ്രോഹിയാണെന്നും എം.എൽ.എ പറഞ്ഞു.

മന്ത്രിമാരുടെയും പ്രധാന രാഷ്ട്രീയ നേതാക്കളുടേയും മാധ്യമപ്രവർത്തകരുടേയും ഫോൺകോളുകൾ അജിത് കുമാർ ചോർത്തുന്നുണ്ടെന്നും അൻവർ പറഞ്ഞു. ഇതിനായി സൈബർ സെല്ലിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അജിത്കുമാർ ഒരു അസിസ്റ്റന്റിനെ വച്ചിട്ടുണ്ടെന്നും അൻവർ എം.എൽ.എ മാധ്യമങ്ങളോട് വ്യക്തമാക്കി.

Full View
Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News