"ഓണം സന്തോഷമാകരുതെന്ന് ചിലർ ആഗ്രഹിച്ചു, ഇത്തരക്കാർക്ക് നാണം അടുത്തുകൂടെ പോയിട്ടില്ല": മുഖ്യമന്ത്രി
വലിയ പ്രചാരണങ്ങൾ നാട് എങ്ങനെ സ്വീകരിക്കുന്നു എന്നതിന്റെ തെളിവാണ് എൽഡിഎഫ് സർക്കാർ ഇപ്പോഴും ഭരണത്തിൽ തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ഓണം സന്തോഷത്തിന്റേത് ആകരുതേ എന്ന് ചിലർ ആഗ്രഹിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം ആളുകൾ എന്തൊക്കെ ഓണത്തിന് ഇല്ലാതിരിക്കും എന്നാണ് പ്രചരിപ്പിക്കുന്നത്. ഇക്കൂട്ടർക്ക് നാണം അടുത്തുകൂടി പോയിട്ടില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.
വലിയ പ്രചാരണങ്ങൾ നാട് എങ്ങനെ സ്വീകരിക്കുന്നു എന്നതിന്റെ തെളിവാണ് എൽഡിഎഫ് സർക്കാർ ഇപ്പോഴും ഭരണത്തിൽ തുടരുന്നത്. ഇത്തരം പ്രചാരണങ്ങൾ ഫലിക്കുന്നുണ്ടായിരുന്നു എങ്കിൽ എൽഡിഎഫിന് വിരലിൽ എണ്ണാവുന്ന സീറ്റുകൾ മാത്രമേ കിട്ടുകയുണ്ടായിരുന്നുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തെ ലക്ഷ്യമിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സപ്ലൈകോയിൽ അവശ്യ സാധനങ്ങൾ ലഭ്യമാകുന്നില്ലെന്ന ആരോപണം നിയമസഭയിലടക്കം പ്രതിപക്ഷം ഉന്നയിച്ച സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം. പതിമൂന്നിന അവശ്യ സാധനങ്ങളും സപ്ലൈക്കോയിൽ ലഭ്യമാകുന്നുണ്ടെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞെങ്കിലും അതൊന്നും വകവെക്കാതെയാണ് പ്രതിപക്ഷം സഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.