'ജമാഅത്തെ ഇസ്‌ലാമി - ആർഎസ്എസ് ചർച്ച ആർക്ക് വേണ്ടി? കോൺഗ്രസ്, ലീഗ് നേതാക്കളുടെ പങ്ക് വ്യക്തമാക്കണം'- മുഖ്യമന്ത്രി
'യുഡിഎഫ് കേന്ദ്രത്തിനെതിരെ മിണ്ടില്ല. എന്നാൽ കേരളത്തിന് എതിരെ കൊണ്ടു പിടിച്ച പ്രചരണം നടത്തുകയും ചെയ്യുന്നു'
ആർഎസ്എസ്- ജമാഅത്തെ ഇസ്‌ലാമി ചർച്ചയുടെ അജണ്ട എന്തായാലും മസ്‌ലിം ന്യൂനപക്ഷത്തിന് വേണ്ടിയാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്‌ലിം സംഘടനകൾ തന്നെ അതിനെതിരെ രംഗത്ത് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയതക്കും കേന്ദ്ര ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജകീയ പ്രധിരോധ ജാഥ കാസർക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എന്ത് കാര്യങ്ങളാണ് അവർക്ക് സംസാരിക്കാനുള്ളത് എന്ന് ജനം ചോദിക്കുന്നു. തങ്ങൾക്ക് ഇഷ്ടമല്ല എന്ന് കണ്ടാൽ കൊന്നു തള്ളുന്നതിന് മടിയില്ലെന്ന് എത്രയോ സംഭവങ്ങളിലൂടെ സംഘപരിവാർ തെളിയിച്ചിരിക്കുന്നു. രണ്ട് പേരെ ചുട്ടുകൊന്നത് ഈയടുത്താണ്. അവർ മുസ്ലിങ്ങളായത് കൊണ്ട് മാത്രമാണ് ചുട്ടുകൊലപ്പെടുത്തിയത്. ജമാഅത്തെ ഇസ്ലാമി - ആർ എസ് എസ് ചർച്ച ആർക്ക് വേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു.
''ജമാഅത്തെ ഇസ്‌ലാമിക് വെൽഫെയർ പാർട്ടി എന്നൊരു രൂപമുണ്ട്. അവർ കോൺഗ്രസിന്റെയും ലീഗിന്റെയും കൂടെ അണിനിരക്കുവരാണ്. ഈ ത്രയത്തിന് ആർഎസ്എസുമായുള്ള ചർച്ചയിൽ എന്തെങ്കിലും പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കെപിസിസി പ്രസിഡന്റ് തന്നെ താൻ വേണമെങ്കിൽ ബിജെപിയിൽ പോകും എന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ താൽപര്യമുള്ള പലരും കോൺഗ്രസിലുണ്ട്. ജമാഅത് ഇസ്‌ലാമി കൂടെ ഉണ്ടാകണമെന്ന് ലീഗിലെ ഒരു വിഭാഗത്തിനുണ്ട്. ജമാഅത്- ആർഎസ്എസ് ചർച്ചയിൽ കൊൺഗ്രസ്, ലീഗ് നേതാക്കൾക്ക് പങ്കുണ്ടോ എന്ന് വ്യക്തമാക്കണം''- മുഖ്യമന്ത്രി പറഞ്ഞു
കേന്ദ്ര സർക്കാറിനെ പിന്തുണക്കുന്ന നിലപാട് ആണ് യു ഡി എഫ് സ്വീകരിക്കുന്നത്. വിധി വൈപിരിത്യം എന്നേ പറയേണ്ടൂ. കേന്ദ്രത്തിന് എതിരെ മിണ്ടില്ല. എന്നാൽ കേരളത്തിന് എതിരെ കൊണ്ടു പിടിച്ച പ്രചരണം നടത്തുകയും ചെയ്യുന്നു. അതാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും നടത്തുന്നത്. കേന്ദ്രത്തെക്കാൾ സാമ്പത്തിക വളർച്ച കേരളത്തിനുണ്ട്. എന്നാൽ കേരളം തകരാൻ പോകുന്നുവെന്ന് പ്രചരിപ്പിക്കുകയാണ് കേരളം വ്യവസായ സൗഹൃദം അല്ലന്നാണ് മറ്റൊരു കള്ള പ്രചരണവും ഇതിനോട് ചേർന്ന് നടത്തുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു