യു.ഡി.എഫ് സർക്കാർ നികുതി കൂട്ടിയപ്പോൾ കൊടുക്കില്ലെന്ന് പറഞ്ഞ ആളല്ലേ താങ്കൾ?; മുഖ്യമന്ത്രിയുടെ മറുപടി
സർക്കാർ അധികമായി ഈടാക്കുന്ന നികുതി നാടിന്റെ നന്മക്കായതുകൊണ്ട് പൊതുജനത്തിന് എതിർപ്പുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാന സർക്കാർ അധികമായി ഈടാക്കുന്ന നികുതി നാടിന്റെ നന്മക്കായതുകൊണ്ട് പൊതുജനത്തിന് എതിർപ്പുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരുമാനത്തിന്റെ 65% വരെ നികുതി ഈടാക്കുന്ന രാജ്യങ്ങളുണ്ട്. അതിൽ അവിടെയുള്ള ജനത്തിന് എതിർപ്പില്ല. കാരണം അവർക്ക് വേണ്ട എല്ലാ സാമൂഹ്യസുരക്ഷയും സർക്കാർ നൽകുന്നുണ്ട്. അതിന്റെ ചെറിയൊരു രീതിയാണ് കേരളത്തിലും നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നികുതി കൂട്ടിയപ്പോൾ നികുതി അടയ്ക്കില്ലെന്ന് പറഞ്ഞിട്ടില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അന്നത്തെ സാഹചര്യമില്ല ഇപ്പോഴുള്ളത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഏത് സാഹചര്യത്തിലും സർക്കാരിന്റെ എല്ലാ സഹായവും ഉണ്ടാവുമെന്ന് ഉമ്മൻചാണ്ടിയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.