മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസ്: ലോകായുക്തയില്‍ നടന്നത്...

'ചാനലുകളില്‍ പോയിരുന്ന് വാദിക്കുന്ന പരാതിക്കാരന് നേരിട്ട് വന്ന് വാദിച്ച് കൂടെ? ഹരജിക്കാരന്‍ ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്'

Update: 2023-04-11 11:52 GMT
Advertising

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസിലെ റിവ്യു ഹരജി പരിഗണിച്ച ലോകായുക്ത, പരാതിക്കാരന്‍ ആര്‍.എസ് ശശികുമാറിനെ രൂക്ഷമായി വിമര്‍ശിച്ചു. മുഖ്യമന്ത്രി സ്വാധീനിച്ചെന്ന് മാധ്യമങ്ങളില്‍ പോയിരുന്ന് പറയുന്ന ഹരജിക്കാരന്‍, മുഖ്യമന്ത്രി സ്വാധീനിച്ചത് കണ്ടോയെന്ന് ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദ് ചോദിച്ചു. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പരാതിക്കാരന്‍ സംസാരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മധു കേസില്‍ നടന്നത് പോലെ ആള്‍ക്കൂട്ട അധിക്ഷേപമാണ് തങ്ങള്‍ക്കെതിരെ നടക്കുന്നതെന്ന് ലോകായുക്ത സിറിയക് ജോസഫ് പ്രതികരിച്ചു.

ഇന്ന് ലോകായുക്തയില്‍ നടന്നത്...

10.45 ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദും കോടതി മുറിയില്‍ എത്തി

11.10: എട്ടാമത്തെ കേസായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കേസ് പരിഗണിക്കുന്നു

പരാതിക്കാരന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് പി സുബൈര്‍ കുഞ്ഞ്: സീനിയര്‍ അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടത്തിന് ഇന്നലെ വൈകിട്ട് 3.30 നാണ് കേസ് ഇന്ന് പരിഗണിക്കുവെന്ന അറിയിപ്പ് കിട്ടിയത്. മറ്റ് ചില തിരക്കുകളില്‍ ആയതിനാല്‍ കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണം

ഉപലോകായുക്ത: സുബൈര്‍ കുഞ്ഞിന് തന്നെ വാദിച്ച് കൂടെ?

അഭിഭാഷന്‍: കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടത് കൊണ്ട് നിരന്തരം ഹാജരായി കൊണ്ടിരിക്കുന്ന ജോര്‍ജ് പൂന്തോട്ടം വരട്ടെ

ഉപലോകായുക്ത: ഒരു റിവ്യൂ പെറ്റീഷന്‍ ഞങ്ങള്‍ക്ക് മുന്നില്‍ വാദിക്കാന്‍ താങ്കള്‍ക്ക് കഴിയില്ലെ? പരാതിക്കാരന്‍ വന്നില്ലെ?

അഭിഭാഷകന്‍: വന്നിട്ടില്ല. തലസ്ഥാനത്ത് ഇല്ല.

ഉപലോകായുക്ത: ചാനലുകളില്‍ പോയിരുന്ന് നന്നായി വാദിക്കുന്ന പരാതിക്കാരന് നേരിട്ട് വന്ന് വാദിച്ച് കൂടെ? പരാതിക്കാരന്‍ നേരിട്ട് വന്നിരുന്നെങ്കില്‍ കുറച്ച് കാര്യങ്ങള്‍ ചോദിക്കാന്‍ ഉണ്ടായിരുന്നു... ഹരജിക്കാരന്‍ ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ്വാധീനിച്ചെന്ന് മാധ്യമങ്ങളില്‍ പോയിരുന്ന് പറയുന്നു. മുഖ്യമന്ത്രി സ്വാധീനിച്ചത് അദ്ദേഹം കണ്ടിട്ടുണ്ടോ? അദ്ദേഹത്തിൻ്റെ സാന്നിധ്യത്തിലാണോ സ്വാധീനിച്ചത്? അതിന് തെളിവുണ്ടോ? ഞങ്ങളില്‍ വിശ്വാസമില്ലെന്ന് പറഞ്ഞിട്ട് ഹരജിയുമായി ഈ ബെഞ്ചില്‍ തന്നെ വന്നത് എന്തിന്? പരാതിക്കാരന്‍ എന്തോ ഉദ്ദേശിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നാംഗ ബെഞ്ചില്‍ നിന്ന് നീതി കിട്ടില്ലെന്ന് പരാതിക്കാരന്‍ വിചാരിക്കുന്നുണ്ടോ?

സര്‍ക്കാര്‍ അഭിഭാഷക: പരാതിക്കാരന്‍ മാത്രമല്ല പരാതിക്കാരന്‍റെ അഭിഭാഷകനും ഇതാണ് ചെയ്യുന്നത്

(ഇതിനിടയില്‍ വിമര്‍ശനങ്ങളില്‍ നിന്ന് ഉപലോകായുക്തയെ തടയാന്‍ ലോകായുക്ത സിറിയക് ജോസഫ് ശ്രമിച്ചെങ്കിലും ഹാറൂണ്‍ അല്‍ റഷീദ് വഴങ്ങിയില്ല)

അഭിഭാഷകന്‍: വിദ്യാഭ്യാസ മേഖലയില്‍ മികച്ച ഇടപെടല്‍ നടത്തുന്നയാളാണ് പരാതിക്കാരന്‍

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്: (അതുവരെ മൌനത്തില്‍ ആയിരുന്നു) കേസ് പരിഗണനയില്‍ ഇരിക്കുമ്പോള്‍ ജഡ്ജിമാരെ അപമാനിച്ച് സംസാരിക്കുന്നത് ശരിയല്ല. പരാതിക്കാരന്‍ ചെയ്യുന്നത് പോലെ മാധ്യമങ്ങളില്‍ പോയിരുന്ന് ഞങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയില്ലല്ലോ. പേപട്ടി ഒരു വഴിയിൽ നിൽക്കുമ്പോൾ അതിൻ്റെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത്. അതുകൊണ്ടാണ് കൂടുതൽ പറയാത്തത്.(മധുകേസ് പരാമര്‍ശിച്ചു) അതുപോലെ ആള്‍ക്കൂട്ട അധിക്ഷേപമാണ് ഇപ്പോള്‍ നടക്കുന്നത്

ഉപലോകായുക്ത: പരാതിക്കാരന്‍ വന്നെങ്കില്‍ ഇതെല്ലാം നേരിട്ട് ചോദിച്ച് അറിയണമെന്ന് കരുതിയതാ. ജഡ്ജിമാരെ അധിക്ഷേപിക്കുകയാണ് പരാതിക്കാരന്‍ ചെയ്യുന്നത്

ലോകായുക്ത: ഹരജി നാളെ പരിഗണിക്കാം

അഭിഭാഷകന്‍: നാളെ പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ നാളെ അഭിഭാഷന്‍ ഹാജരാകും

ലോകായുക്ത: നാളെ ഉച്ചക്ക് 12 മണിക്ക് പരിഗണിക്കാം. വെള്ളിയാഴ്ച വരെ മാത്രമല്ലേ ഉള്ളൂ. റിവ്യൂ ഹര്‍ജിയില്‍ തീര്‍പ്പ് ആക്കണ്ടെ.

അഭിഭാഷകന്‍: അപ്പോള്‍ ഫുള്‍ ബഞ്ച്

ലോകായുക്ത: ഫുള്‍ ബഞ്ചും ഉണ്ട്, ഉച്ചക്ക് ശേഷം ഇരിക്കാം. റിവ്യൂ ഹര്‍ജി തീര്‍പ്പാക്കിയിട്ട് മാത്രമേ ഫുള്‍ ബഞ്ച് ഇരിക്കാവൂ എന്നാണല്ലോ പരാതിക്കാരന്‍റെ ആവശ്യം

കേസ് നാളെ ഉച്ചക്ക് 12 മണി ലിസ്റ്റ് ചെയ്യാന്‍ കോര്‍ട്ട് ഓഫീസര്‍ക്ക് ലോകായുക്ത നിര്‍ദേശം നല്‍കി

പേപ്പര്‍ കോര്‍ട്ട് ഓഫീസര്‍ക്ക് കൈമാറും മുന്‍പ് വീണ്ടും ലോകായുക്ത വിമര്‍ശനം

ലോകായുക്ത: പരാതിക്കാരന്‍ ചെയ്യുന്നത് ശരിയാണോ എന്ന് വീട്ടിൽ പോയി ആത്മപരിശോധന നടത്തണം

കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - സെയ്ഫ് സെയ്നുലാബ്ദീന്‍

contributor

Similar News