'ജീവനക്കാരിയെ രാത്രിയിലും ചോദ്യംചെയ്തത് നിയമവിരുദ്ധം'; ഇ.ഡിക്കെതിരെ സി.എം.ആർ.എൽ ഹൈക്കോടതിയിൽ
വനിതാ ഉദ്യോഗസ്ഥയെ 24 മണിക്കൂർ ചോദ്യംചെയ്ത് മാനസികമായി ബുദ്ധിമുട്ടിച്ചെന്നാണ് സി.എം.ആർ.എല്ലിന്റെ ആരോപണം.
കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി ചോദ്യംചെയ്ത് സി.എം.ആർ.എൽ ഹൈക്കോടതിയിൽ. വനിതാ ഉദ്യോഗസ്ഥയെ 24 മണിക്കൂർ ചോദ്യംചെയ്ത് മാനസികമായി ബുദ്ധിമുട്ടിച്ചെന്നാണ് സി.എം.ആർ.എല്ലിന്റെ ആരോപണം. സി.എം.ആർ.എൽ നൽകിയ ഉപഹരജിയിൽ ഇ.ഡിയോട് ഹൈക്കോടതി വിശദീകരണം തേടി. ഉദ്യോഗസ്ഥരെ ചോദ്യംചെയ്തതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഹാജരാക്കണമെന്ന ആവശ്യത്തിലാണ് ഇ.ഡി മറുപടി നൽകേണ്ടത്.
വനിത ഉദ്യോഗസ്ഥയാണ് സി.എം.ആർ.എൽ ജീവനക്കാരിയെ ചോദ്യംചെയ്തതെന്നാണ് ഇ.ഡി കോടതിയെ അറിയിച്ചത്. സി.എം.ആർ.എല്ലിന്റെ ഹരജിയിൽ അടിയന്തര പ്രാധാന്യമില്ലെന്നും ഇ.ഡി വാദിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
കേസിൽ ഒരു സി.എം.ആർ.എൽ ഉദ്യോഗസ്ഥന് കൂടി ഇ.ഡി നോട്ടീസയച്ചു. ചീഫ് ജനറൽ മാനേജറും കമ്പനി സെക്രട്ടറിയുമായ പി.സുരേഷ് കുമാറിനാണ് ഇന്ന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. മുൻ കാഷ്യർ വാസുദേവനും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. അതേസമയം, ഇ.ഡി നോട്ടീസിനെതിരെ സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ചോദ്യംചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം.