തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞതായി കലക്ടറുടെ മൊഴി; അഴിമതിക്ക് തെളിവായി പരിഗണിക്കാനാകില്ലെന്ന് കോടതി

യാത്രയയപ്പ് ചടങ്ങിന് ശേഷം കലക്ടറുടെ ചേംബറിലെത്തി എഡിഎം 'തെറ്റുപറ്റിയെന്ന്' പറഞ്ഞെന്ന് മൊഴി

Update: 2024-10-29 16:08 GMT
Editor : ശരത് പി | By : Web Desk
Advertising

കണ്ണൂർ: കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ എഡിഎം നവീൻ ബാബുവിനെക്കുറിച്ച് നൽകിയ മൊഴിയുടെ ഭാഗങ്ങൾ പുറത്ത്. ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയ വിധിയിലാണ് കണ്ണൂർ ജില്ലാ കലക്ടറുടെ മൊഴിയുടെ വിശദാംശങ്ങളുള്ളത്.

യാത്രയയപ്പ് ചടങ്ങിന് ശേഷം കലക്ടറുടെ ചേംബറിലെത്തിയ നവീൻ ബാബു തെറ്റുപറ്റിയെന്ന് കലക്ടറോട് പറഞ്ഞതായി മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ മൊഴി അഴിമതിക്ക് തെളിവായി പരിഗണിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

യാത്രയയപ്പ് വേളയിലെ ദിവ്യയുടെ പ്രസംഗം എഡിഎമ്മിനെ അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെയെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രത്യാഘാതം മനസ്സിലാക്കി തന്നെയായിരുന്നു ദിവ്യയുടെ പ്രസംഗമെന്നും വിധിയിൽ പരാമർശിക്കുന്നുണ്ട്. ചടങ്ങിലേക്ക് ദിവ്യ ക്ഷണിക്കാതെയാണ് എത്തിയതെന്ന വാദം കോടതി അംഗീകരിച്ചു.ആസൂത്രിതമായി തയ്യാറാക്കിയ അപമാനമെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ വാദം ശരിയെന്ന് കോടതി കണ്ടെത്തി. നവീൻ ബാബുവിന്റെ മരണകാരണം വ്യക്തിഹത്യയെന്നും കോടതി അംഗീകരിച്ചു. ദിവ്യക്ക് നവീൻ ബാബുവിനോട് പകയുണ്ടായിരുന്നുവെന്നും ദിവ്യ തന്റെ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന വാദവും കോടതി മുഖവിലയ്ക്കെടുത്തു.

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ ജാമ്യം നിഷേധിച്ച കോടതി വിധി പശ്ചാതലത്തിൽ ഇന്നുച്ച തിരിഞ്ഞാണ് പി.പി ദിവ്യ അന്വേഷോദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങിയത്. കണ്ണപുരം സ്റ്റേഷനിലെത്തിയാണ് ദിവ്യ കീഴടങ്ങിയത്. കേസെടുത്ത് 13 ദിവസം കഴിഞ്ഞിട്ടും ദിവ്യയെ ചോദ്യം ചോദ്യം ചെയ്യാനോ ചോദ്യം ചെയ്യലിന് വിളിപ്പിക്കാനോ അറസ്റ്റിനോ അന്വേഷണസംഘം തയ്യാറായിരുന്നില്ല.

14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ദിവ്യയെ വൈദ്യപരിശോധനയ്ക്ക് ശേഷം നിലവിൽ പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്


Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News