ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി ശുപാർശ ചെയ്യാൻ കൊളീജിയം തീരുമാനം
നിയമന ശിപാർശ വ്യാഴാഴ്ച സുപ്രിംകോടതി കൊളിജിയം പരിഗണിച്ചേക്കും
കൊച്ചി: ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി ശുപാർശ ചെയ്യാൻ ഹൈക്കോടതി കൊളീജിയം തീരുമാനം.നിയമന ശിപാർശ വ്യാഴാഴ്ച സുപ്രിം കോടതി കൊളിജിയം പരിഗണിച്ചേക്കും. കൊളീജിയം അംഗങ്ങളിൽ ചിലരുടെ വിയോജിപ്പോടെയാണ് രണ്ട് ജഡ്ജിമാരുടെ നിയമന ശിപാർശ സുപ്രിംകോടതി കൊളീജിയത്തിന് അയക്കുക. ഇവരിൽ അഞ്ചുപേരുടെ നിയമന ശുപാർശ ഐക്യകണ്‌ഠേനയായിരുന്നു.
നിലവിൽ 10 ജഡ്ജിമാരുടെ ഒഴിവാണ് ഹൈകോടതിയിലുള്ളത്. അത് നികത്തണമെന്ന ആവശ്യം ഒന്നരവർഷമായിട്ടുണ്ട്. ഇത്രയും നാളായിട്ടും കൊളീജിയം ചേർന്നിട്ടില്ല. തുടർന്നാണ് കൊളീജിയം ചേർന്നാണ് ജഡ്ജിമാരെ ശിപാർശ ചെയ്തിരിക്കുന്നത്.
വിധിന്യായങ്ങൾ വിലയിരുത്തിയും സീനിയോരിറ്റിയും പരിഗണിച്ചാണ് തീരുമാനം. ഹൈക്കോടതി രജിസ്ട്രാർ ജനറൽ കെ കൃഷ്ണകുമാർ, വിജിലൻസ് രജിസ്ട്രാർ ജയകുമാർ, ഹൈക്കോടതിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വിൻസെന്റ്, കൊല്ലം ജില്ലാ ജഡ്ജി എം.ബി സ്നേഹലത, തലശ്ശേരി ജില്ലാ ജഡ്ജി എസ്.ഗിരീഷ്, കാസർഗോഡ് ജില്ലാ ജഡ്ജി കൃഷ്ണകുമാർ, അഡിഷണൽ ജില്ലാ ജഡ്ജി പ്രദീപ് കുമാർ എന്നിവരുടെ പേരുകളാണ് കൊളീജിയം ശുപാർശ ചെയ്തത്. ഇതിൽ അഞ്ച് പേരുടെ പേരുകൾ ഐകകണ്ഠേനയും രണ്ട് പേരുകൾ വിയോജിപ്പോടെയുമാണ്കൈമാറിയിട്ടുള്ളത്.
കേന്ദ്രസർക്കാർ മടക്കിയ രണ്ട് അഭിഭാഷകരുടെ പേരുകളും ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരുടെ പേരുകളും പ്രത്യേകം പരിഗണനയ്ക്ക് അയക്കാനാണ് കൊളീജിയത്തിന്റെ തീരുമാനം. നിയമന പട്ടികയിൽ ഉൾപ്പെട്ടവർ സമ്മതപത്രം ഹൈക്കോടതിക്കു നൽകി. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, എസ്.വി.ഭട്ടി എന്നിവരാണ് കൊളീജിയം അംഗങ്ങൾ.