'എറങ്ങി പൊയ്‌ക്കോ.. അന്നെ വേണ്ടാന്നാ പറയണേ... എന്നെ ഇവര് പ്രാന്താക്കാണ് ഉമ്മാ...' സെബീന മാതാവിനയച്ച ശബ്ദസന്ദേശം
പാലക്കാട് ചാലിശ്ശേരി സ്വദേശി സെബീനയാണ് ഒരു മാസം മുൻപ് ഭർതൃ വീട്ടിൽ ജീവനൊടുക്കിയത്
പാലക്കാട്: 'എന്നോടിവിടെ നിൽക്കാൻ നാണമില്ലേന്ന് ചോദിച്ച് ബുദ്ധിമുട്ടിക്കാണ്. എന്താ ഞാൻ ചെയ്യേണ്ടേ... എനിക്കറിയില്ല'. തൃശ്ശൂർ കല്ലുംപുറത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ സെബീന മരിക്കുന്നതിന് മുമ്പ് മാതാവിന് അയച്ച ശബ്ദസന്ദേശമാണ് ഇത് ;എന്നോടിവിടെ നിൽക്കാൻ നാണമില്ലേന്ന് ചോദിച്ച് ബുദ്ധിമുട്ടിക്കാണ്. എന്താ ഞാൻ ചെയ്യേണ്ടേ... എനിക്കറിയില്ല. എറങ്ങി പൊയ്‌ക്കോ.. അന്നെ വേണ്ടാന്നാ പറയണേ... എന്നെ ഇവര് പ്രാന്താക്കാണ് ഉമ്മാ... എന്താ ചെയ്യേണ്ടേ ഉമ്മാ... എനിക്ക് പറ്റണില്ല'. മരിക്കുന്നതിന് മുമ്പ് യുവതി മാതാവിന് അയച്ച ശബ്ദസന്ദേശമാണ് ഇത്.
പണത്തിനായി പിതാവ് ഉമ്മയെ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ കുട്ടിയും പറയുന്നു. നിരന്തരം പണം നൽകിയെങ്കിലും തന്റെ മകളെ ഭർതൃവീട്ടുകാർ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് മരിച്ച സെബിനയുടെ പിതാവ് പറഞ്ഞു. 'എന്റെ മോളെ തല്ലുന്നത് അവൾ വിഡിയോ എടുക്കുമ്പോൾ അവര് ഫോൺ പിടിച്ചുവെക്കുമായിരുന്നു. ഇവര് അഞ്ചുപേരുംകൂടിയാണ് ഫോൺ പിടിച്ചുവെക്കാറ്. ഉപ്പയും ഉമ്മയും അസീനയും ജസ്‌നയും അബ്ബാസുമാണ് മെബൈൽ പിടിച്ചുവെക്കുന്നത്. പിന്നീട് അത് എറിഞ്ഞുപൊട്ടിക്കും. നാല് ഫോൺ ഞാൻ എന്റെ കുട്ടിക്ക് കൊടുത്തയച്ചു. ഇത് നാലും അവർ എറിഞ്ഞുപൊട്ടിച്ചു. അതിൽ വോയിസും കാര്യങ്ങളുമൊക്കെയുണ്ടായിരുന്നു. അതെല്ലാം പോയി. നിരന്തരം പീഡനം തന്നെ. അവർക്ക് പൈസ വേണം. എന്റെ മോളെ കൊന്ന് തൂക്കിയതാണ്. എല്ലാ ആഭരണങ്ങളും അവര് എടുത്തു. ഞാൻ അഞ്ചാറ് പ്രവാശ്യം എടപാട് ചോദിച്ചിട്ടും അവര് അത് തന്നട്ടില്ല'. സെബീനയുടെ പിതാവ് പറഞ്ഞു.
പാലക്കാട് ചാലിശ്ശേരി സ്വദേശി സെബീനയാണ് ഒരു മാസം മുൻപ് ഭർതൃ വീട്ടിൽ അത്മഹത്യ ചെയ്തത്. 2016 ഒക്ടോബറിലായിരുന്നു സെബീനയും സൈനുലാബ്ദീനും തമ്മിലുള്ള വിവാഹം. വിവാഹസമയത്ത് സൈനുലാബ്ദീനോ വീട്ടുകാരോ സ്ത്രീധനമോ മറ്റോ ചോദിച്ചിരുന്നില്ല. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞതോടെ വീട്ടുകാരുടെ സ്വഭാവത്തിൽ മാറ്റം വന്നു തുടങ്ങി. നൂറു പവനെങ്കിലും സ്ത്രീധനം തങ്ങൾ പ്രതീക്ഷിച്ചിരുന്നതായി സൈനുലാബ്ദീന്റെ വീട്ടുകാർ പറയുമായിരുന്നുവെന്നാണ് സെബീനയുടെ കുടുംബം പറയുന്നത്. ഇതിന് ശേഷം പല തവണയായി ഇവരിൽ നിന്ന് സൈനുലാബ്ദീനും കുടുംബവും പണം വാങ്ങി.
ചെറിയ ആവശ്യങ്ങൾക്ക് പോലും വലിയ തുക വാങ്ങിയിരുന്നതായി ബന്ധുക്കൾ പറയുന്നു. പണം ലഭിക്കുന്നത് വരെ സെബീനയെ ഇവർ പീഡിപ്പിക്കുകയും ചെയ്തിരുന്നു. 45 തവണയാണ് പള്ളിക്കമ്മിറ്റിയടക്കം ഇരു വീട്ടുകാർക്കുമിടയിൽ മധ്യസ്ഥ ചർച്ചകൾ നടത്തിയത്.സൈനുലാബ്ദീനെ പല തവണ സെബീനയുടെ ഉപ്പ വിദേശത്ത് ജോലിക്കായി കൊണ്ടു പോയിരുന്നെങ്കിലും ജോലി ചെയ്യാൻ ഇയാൾ തയ്യാറായിരുന്നില്ല. ഭാര്യവീട്ടിൽ നിന്ന് കിട്ടുന്ന തുക ഉപയോഗിച്ച് കഴിയുകയായിരുന്നു ഇയാളുടെ ലക്ഷ്യം. സൈനുലാബ്ദീന്റെ ഉമ്മയും ഉപ്പയും ജ്യേഷ്ഠനും ജ്യേഷ്ഠന്റെ ഭാര്യയുമടക്കം സെബീനയെ ഉപദ്രവിച്ചിരുന്നതായി കുടുംബം പരാതിയിൽ പറയുന്നു. സൈനുലാബിദിനും കുടുംബവും ഒളിവിലാണെന്നാണ് കുന്നംകുളം പൊലീസ് അറിയിക്കുന്നത്.