കോമൺവെൽത്ത് ഗെയിംസ്: എൽദോസ് പോളിന് സംസ്ഥാന സർക്കാർ 20 ലക്ഷം നൽകും

എൽദോസ് പോൾ, അബ്ദുല്ല അബൂബക്കർ, എം ശ്രീങ്കർ, ട്രെസ്സ ജോളി എന്നിവർക്ക് സർക്കാർ ജോലി

Update: 2022-08-31 15:17 GMT
Advertising

തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസിൽ സ്വർണമെഡൽ നേടിയ എൽദോസ് പോളിന് 20 ലക്ഷം രൂപ പാരിതോഷികം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വെള്ളി മെഡൽ നേടിയ അബ്ദുല്ല അബുബക്കർ, എം ശ്രീശങ്കർ, പി ആർ ശ്രീജേഷ്, ട്രെസ്സ ജോളി, ചെസ്സ് ഒളിമ്പ്യാഡിൽ മെഡൽ ജേതാവായ നിഹാൽ സരിൻ എന്നിവർക്ക് 10 ലക്ഷം രൂപ വീതവും അനുവദിക്കും. നേരിയ വ്യത്യാസത്തിന് മെഡൽ നഷ്ടമായെങ്കിലും ചെസ് ഒളിമ്പിക്‌സിൽ ശ്രദ്ധേയപങ്കാളിത്തം കാഴ്ചവച്ച എസ് എൽ നാരായണന് 5 ലക്ഷം രൂപയും പാരിതോഷികമായി അനുവദിക്കാൻ തീരുമാനിച്ചു. എൽദോസ് പോൾ, അബ്ദുല്ല അബൂബക്കർ, എം ശ്രീങ്കർ, ട്രെസ്സ ജോളി എന്നിവർക്ക് സ്‌പോർട്ട്‌സ് ക്വാട്ട നിയമനത്തിന് മറ്റിവെച്ച 50 തസ്തികകളിൽ നിന്ന് നാല് ഒഴിവുകൾ നീക്കി വെച്ച് നിയമനം നൽകാനും തീരുമാനിച്ചു.

60 വയസ് കഴിഞ്ഞ പട്ടികവർഗക്കാർക്ക് ഓണ സമ്മാനം

60 വയസ് കഴിഞ്ഞ 60,602 പട്ടികവർഗക്കാർക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണ സമ്മാനമായി നൽകും. ഇതിനുള്ള ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.

പട്ടികവർഗക്കാർക്ക് ധനസഹായം

ലൈഫ് മിഷൻ പദ്ധതി പ്രകാരം സങ്കേതങ്ങളുടെ ഉള്ളിലും സങ്കേതങ്ങളോട് ചേർന്നുവരുന്ന പ്രദേശത്തും അതീവ ദുർഘട പ്രദേശത്തും വീട് വയ്ക്കുന്ന പട്ടികവർഗക്കാർക്ക് ധനസഹായം 6 ലക്ഷം രൂപയായി ഏകീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കും.

ശമ്പളപരിഷ്‌കരണം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ ജീവനക്കാർക്ക് 11ാം ശമ്പളപരിഷ്‌ക്കരണ ആനുകൂല്യങ്ങൾ അനുവദിക്കാൻ തീരുമാനിച്ചു.

മുദ്രവില, രജിസ്‌ട്രേഷൻ ഫീസ് ഒഴിവാക്കും

കെഎസ്ആർടിസിയുടെ അടിയന്തര പ്രവർത്തന ചെലവുകൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നെടുക്കുന്ന 50 കോടി രൂപയുടെ തുടർവായ്പ കരാർ രജിസ്റ്റർ ചെയ്യുന്നതിന് മുദ്രവില, രജിസ്‌ട്രേഷൻ ഫീസ് എന്നീ ഇനങ്ങളിൽ ആവശ്യമായ 350 ലക്ഷം രൂപ ഒഴിവാക്കാൻ തീരുമാനിച്ചു.

ആശ്രിത നിയമനം

വനം വന്യ ജീവി വകുപ്പിൽ വടക്കാഞ്ചേരി റെയ്ഞ്ചിലെ പൂങ്ങോട്ട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാട്ടുതീ അണയ്ക്കുന്നതിനിടയിൽ മരണപ്പെട്ട വാച്ചർമാരുടെ മക്കൾക്ക് സർക്കാർ സർവ്വീസിൽ നിയമനം നൽകാൻ തീരുമാനിച്ചു. എ.കെ വേലായുധന്റെ മകൻ കെ.വി സുധീഷിന് വാച്ചർ തസതികയിലും വി.എ ശങ്കരന്റെ മകൻ വി.എസ് ശരത്തിന് ഓഫീസ് അറ്റന്റന്റ് തസ്തികയിലും വ്യവസ്ഥകൾക്ക് വിധേയമായി സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരം നിയമനം നൽകും.

ചിന്നാർ വൈഡ്‌ലൈഫ് ഡിവിഷന് കീഴിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി നോക്കവെ കാട്ടാനയുടെ അതിക്രമത്തിൽ മരണപ്പെട്ട നാഗരാജിന്റെ ഭാര്യ ചിത്രാ ദേവിക്ക് വനം വകുപ്പിന് കീഴിൽ വാച്ചർ തസ്തികയിൽ വ്യവസ്ഥകൾക്ക് വിധേയമായി സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരം നിയമനം നൽകും.

ഭരണാനുമതി

കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ നിലവിലുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ വിപുലീകരണത്തിന് 27 കോടി രൂപ അടങ്കൽ തുക കിഫ്ബി വഴി കണ്ടെത്തി എക്‌സിക്യൂട്ടീവ് ഇന്റർനാഷണൽ ഹോസ്റ്റൽ ബ്ലോക്ക് നിർമ്മിക്കുന്നതിന് ഭരണാനുമതി നൽകാൻ തീരുമാനിച്ചു.

അതേസമയം, വിഴിഞ്ഞത്ത് തീരശോഷണത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന 335 കുടുംബങ്ങൾക്ക് 5500 രൂപ വീതം മാസം വീടിന് വാടക നൽകാനും മന്ത്രിസഭ തീരുമാനിച്ചു. മുട്ടത്തറയിൽ കണ്ടെത്തിയ സ്ഥലത്ത് ഫ്‌ളാറ്റ് നിർമിക്കാനും നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനും തീരുമാനിച്ചു. ഇതിനായി നിർമ്മാതാക്കളുടെ ടെൻഡർ വിളിക്കും. ദുരിത ബാധിതരുടെ പുനരധിവാസ പാക്കേജ് വേഗത്തിൽ നടപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കി.

എന്നാൽ മന്ത്രിസഭ തീരുമാനിച്ച വീട്ടുവാടക അപര്യാപ്തമാണെന്നും തിരുവനന്തപുരം കോർപറേഷനിൽ 5500 രൂപയ്ക്ക് വീട് കിട്ടില്ലെന്നും വിഴിഞ്ഞം സമരസമിതി ചൂണ്ടിക്കാട്ടി. സർക്കാർ പാക്കേജ് അംഗീകരിക്കുന്നില്ലെന്ന് ലത്തീൻ സഭാ പ്രതിനിധി ഫാ. തീയോഡോഷ്യസ് മീഡിയവൺ ഫസ്റ്റ് ഡിബേറ്റിൽ വ്യക്തമാക്കി.

Commonwealth Games: 20 lakhs for Malayalees who won gold

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News