മിശ്രവിവാഹത്തിലൂടെയും ലിവിങ് ടുഗെതറിലൂടെയും മതരഹിതതലമുറയെ സൃഷ്ടിക്കാൻ കമ്മ്യൂണിസ്റ്റ് ശ്രമം- സമസ്ത നേതാവ് ബഹാഉദ്ദീൻ നദ്‌വി

ഭരണകർത്താക്കളെന്ന നിലയിൽ സ്വന്തം പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും മതനിരാസം വളർത്താനുമുള്ള ആസൂത്രിത നീക്കങ്ങളെ തിരിച്ചറിയണമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ സമസ്ത മുശാവറ അംഗം ബഹാഉദ്ദീൻ നദ്‌വി

Update: 2022-01-02 11:32 GMT
Editor : Shaheer | By : Web Desk
Advertising

മിശ്രവിവാഹവും ലിവിങ് ടുഗെതറും സാർവത്രികമാക്കി മതരഹിത തലമുറയെ സൃഷ്ടിച്ചെടുക്കാനാണ് കമ്മ്യൂണിസത്തിന്റെയും യുക്തിവാദികളുടെയും ശ്രമമെന്ന് സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി. കമ്മ്യൂണിസത്തിന്റെയും യുക്തിവാദികളുടെയും ബോധപൂർവ ശ്രമങ്ങളെ ഗൗരവത്തോടെ തന്നെ കാണണം. ഭരണകർത്താക്കളെന്ന നിലയിൽ സ്വന്തം പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും മതനിരാസം വളർത്താനുമുള്ള ആസൂത്രിത നീക്കങ്ങളെ തിരിച്ചറിയണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെട്ടു.

കേവലം ഭരണകർത്താക്കളായി കളംനിറയുക എന്നതിലപ്പുറം തങ്ങൾ വിഭാവനം ചെയ്യുന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും മതനിരാസം വളർത്താനുമുള്ള അവരുടെ ആസൂത്രിത നീക്കങ്ങളെ നാം തിരിച്ചറിയാതെ പോകരുത്. ലോകത്ത് കമ്മ്യൂണിസ്റ്റുകൾ അധികാരം കൈയടക്കിയ പ്രദേശങ്ങളിലെ ചരിത്രവും വർത്തമാനവും വിലയിരുത്തിയാൽ ഇക്കാര്യം ബോധ്യപ്പെടുന്നതുമാണ്. ഇസ്‍ലാം അഭിമുഖീകരിക്കുന്ന കാലാനുസൃത വെല്ലുവിളികൾ അതിജയിക്കാനുള്ള നീക്കങ്ങളാണ് എക്കാലത്തും പണ്ഡിതരിൽനിന്നുണ്ടാകേണ്ടത്. എന്നാൽ, വിഷയം രാഷ്ട്രീയവത്കരിക്കാനും ഭരണവിരുദ്ധ നീക്കങ്ങളായി ദുർവ്യാഖ്യാനം ചെയ്യാനുമാണ് ചിലരുടെ ശ്രമങ്ങൾ- ബഹാഉദ്ദീൻ നദ്‌വി അദ്ദേഹം ആരോപിച്ചു.

കേരളീയ മുസ്‍ലിംകളുടെ മത-രാഷ്ട്രീയ ഇടങ്ങളെ ജീവസ്സുറ്റതാക്കുന്നതിൽ നിർണായക പങ്കുവഹിച്ച സയ്യിദ് അലവി മൗലദ്ദവീല തങ്ങൾ കമ്മ്യൂണിസം പിറവിയെടുക്കുന്നതിനു മുൻപേ അതിന്റെ ഭവിഷ്യത്തുകൾ സംബന്ധിച്ച് സമൂഹത്തെ ഉണർത്തിയിട്ടുണ്ട്.

മമ്പുറം തങ്ങളുടെ ആത്മീയത്തണലിൽ കഴിയുന്നവർ അദ്ദേഹത്തിന്റെ അർത്ഥഗംഭീരമായ പ്രവചനങ്ങളുടെ ഗൗരവം പുതിയ തലമുറയെ ഉണർത്തിക്കൊണ്ടിരിക്കുക എന്ന പണ്ഡിതദൗത്യമാണിപ്പോൾ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. അൽപജ്ഞാനികളുടെയും സ്വാർത്ഥംഭരികളുടെയും വിവരദോഷികളുടെയും മന്ത്രങ്ങൾക്കു ചെവിനൽകാതെ പണ്ഡിതർ ദൗത്യനിർവഹണത്തിൽ മാത്രം നിരതരായാൽ ഒരുപാട് പ്രശ്നങ്ങൾ ഇല്ലാതാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മിശ്രവിവാഹവും ലിവിങ് ടുഗെതറും സാർവത്രികമാക്കാനും അതുവഴി മതരഹിത തലമുറയെ സൃഷ്ടിച്ചെടുക്കാനുമുള്ള കമ്യൂണിസത്തിന്റെയും യുക്തിവാദികളുടെയും ബോധപൂർവ ശ്രമങ്ങളെ നാം ഗൗരവതരമായി തന്നെ കാണേണ്ടതുണ്ട്.

കേവലം ഭരണകർത്താക്കളായി കളം നിറയുക എന്നതിലപ്പുറം തങ്ങൾ വിഭാവനം ചെയ്യുന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനും വളയമില്ലാതെ ചാടുന്നതിനും മത നിരാസം വളർത്തുന്നതിനുമുള്ള അവരുടെ ആസൂത്രിത നീക്കങ്ങളെ നാം തിരിച്ചറിയാതെ പോകരുത്. ലോകത്ത് കമ്യൂണിസ്റ്റുകൾ അധികാരം കൈയടക്കിയ പ്രദേശങ്ങളിലെ ചരിത്രവും വർത്തമാനവും വിലയിരുത്തിയാൽ ഇക്കാര്യം സുതരാം ബോധ്യപ്പെടുന്നതുമാണ്.

കേരളീയ മുസ്‍ലിംകളുടെ മത-രാഷ്ട്രീയ ഇടങ്ങളെ ജീവസ്സുറ്റതാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഖുഥ്ബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങൾ കമ്യൂണിസം പിറവിയെടുക്കുന്നതിനു മുൻപേ അതിന്റെ ഭവിഷ്യത്തുകൾ സംബന്ധിച്ച് രണ്ട് നൂറ്റാണ്ട് മുൻപ് സമൂഹത്തെ ഉണർത്തി. ഇക്കാര്യം തന്റെ ശിഷ്യൻ അവുക്കോയ മുസ്ലിയാരെ പ്രത്യേകം ബോധ്യപ്പെടുത്തുകയും വരും തലമുറക്ക് പാഠമാകാൻ പള്ളി മിഹ്റാബിൽ എഴുതി വെക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.

Full View

മമ്പുറം തങ്ങളുടെ ആത്മീയ തണലിൽ കഴിയുന്നവർ അദ്ദേഹത്തിന്റെ അർത്ഥ ഗംഭീരമായ പ്രവചനങ്ങളുടെ ഗൗരവം പുതിയ തലമുറയെ ഉണർത്തിക്കൊണ്ടിരിക്കുക എന്ന പണ്ഡിത ദൗത്യമാണിപ്പോൾ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. ഔലിയാഇന്റെ അഭിലാഷങ്ങൾക്ക് ഇവ്വിധം സാക്ഷാൽക്കാരമൊരുക്കുകയാണ് സർവശക്തൻ.

ഇസ്‍ലാം അഭിമുഖീകരിക്കുന്ന കാലാനുസൃത വെല്ലുവിളികൾ അതിജയിക്കാനുള്ള നീക്കങ്ങളാണ് എക്കാലത്തും പണ്ഡിതരിൽ നിന്നുണ്ടാകേണ്ടത്. എന്നാൽ, വിഷയം രാഷ്ട്രീയവത്കരിക്കാനും ഭരണവിരുദ്ധ നീക്കങ്ങളായി ദുർവ്യാഖ്യാനം ചെയ്യാനുമാണ് ചിലരുടെ ശ്രമങ്ങൾ. വ്യക്തികേന്ദ്രീകൃത വിമർശനങ്ങളിലേക്കു വരെ കാര്യങ്ങളെത്തിക്കാൻ തത്പര കക്ഷികൾ പണിയെടുക്കുകയും ഞാണിന്മേൽകളി നടത്തുകയും ചെയ്യുന്നു. അൽപജ്ഞാനികളുടെയും സ്വാർത്ഥം ഭരികളുടെയും വിവരദോഷികളുടെയും മന്ത്രങ്ങൾക്കു ചെവി നൽകാതെ പണ്ഡിതർ ദൗത്യനിർവഹണത്തിൽ മാത്രം നിരതരായാൽ ഒരുപാട് പ്രശ്നങ്ങളെ ഇല്ലാതാക്കാം.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News