പ്രതിയെ തിരിച്ചറിഞ്ഞ് പരാതിക്കാരി; മ്യൂസിയം ലൈംഗികാതിക്രമക്കേസിൽ അറസ്റ്റ് ഉടൻ
കുറവൻകോണം ആക്രമണത്തിൽ തെളിവെടുപ്പ് ഇന്ന് ഉണ്ടായേക്കും.
തിരുവനന്തപുരം: മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമ കേസിൽ പ്രതിയെ തിരിച്ചറിഞ്ഞ് പരാതിക്കാരി. മലയിൻകീഴ് സ്വദേശി സന്തോഷ് (40)നെയാണ് പരാതിക്കാരി ഔദ്യോഗികമായി തിരിച്ചറിഞ്ഞത്. ഇയാൾ തന്നെയാണ് തനിക്ക് നേരെ ആക്രമണം നടത്തിയതെന്ന് പരാതിക്കാരി പ്രതികരിച്ചു.
പ്രതിയുടെ രൂപവും ശാരീരികക്ഷമതയും വച്ചാണ് തിരിച്ചറിഞ്ഞത്. ഇയാളുടെ വസ്ത്രങ്ങളും തിരിച്ചറിഞ്ഞതായി യുവതി വ്യക്തമാക്കി. തിരിച്ചറിയാതിരിക്കാന്‍ തലമുടി വെട്ടി നടക്കുകയായിരുന്നു പ്രതി. എന്നാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടായില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.
ആളുകളുടെ മുഖം കൃത്യമായി കാണാൻ കഴിയുന്ന രീതിയിലുള്ള സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും കേടായ ക്യാമറകൾ ഉടൻ നന്നാക്കുകയും വേണം. അവ പ്രവർത്തനക്ഷമമാണോ എന്നറിയാൻ പാനലിനെ വയ്ക്കണം. ക്യാമറകൾ ഹൈടെക് ആയിരിക്കണം. പരാതി ലഭിച്ചാൽ നടപടി വേഗത്തിലാക്കണമെന്നും യുവതി ആവശ്യപ്പെട്ടു.
എയ്ഡ് പൊലീസിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ചയാണുണ്ടായതെന്നും സ്ഥലത്തെത്തിയപ്പോൾ നിസംഗതയുണ്ടായതായും അവർ പറഞ്ഞു. പിന്നീട് ഡി.സി.പിയെ കണ്ടശേഷമാണ് അന്വേഷണ ചുമതല മാറ്റുകയും പ്രതിയുടെ രേഖാചിത്രം വരയ്ക്കാനുള്ള ഉദ്യോഗസ്ഥനെ ഏർപ്പെടാക്കുകയും ചെയ്തത്. ഇത്തരം പ്രതികൾ സർവീസിലേ ഉണ്ടാവാൻ പാടില്ല. ജോലിയിൽ നിന്ന് പുറത്താക്കുകയാണ് വേണ്ടതെന്നും യുവതി ആവശ്യപ്പെട്ടു.
നീതി ലഭിക്കണം എന്നുള്ളതിനാൽ കേസിന്റെ പിന്നാലെ തന്നെയായിരുന്നു എന്നും പ്രതിയെ പിടിച്ചതിൽ പൊലീസ് ഉദ്യോഗസ്ഥരോട് നന്ദിയുണ്ടെന്നും പ്രതിയെ പിടിച്ചതിൽ സന്തോഷമുണ്ടെന്നും യുവതി വിശദമാക്കി.
പരാതിക്കാരിയെ വിളിച്ചുവരുത്തി നടത്തിയ തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഈ സാഹചര്യത്തിൽ മ്യൂസിയം ലൈംഗികാതിക്രമ കേസിൽ പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. സംഭവത്തിൽ മ്യൂസിയം പൊലീസ് പ്രതിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തിരുന്നു.
ലൈംഗികാതിക്രമം ഉണ്ടായെന്ന മൊഴിയുണ്ടായിട്ടും ആദ്യം നിസാര വകുപ്പ് ചുമത്തി കേസെടുത്ത പൊലീസ് നടപടി വിവാദമാവുകയും വിമർശനം ഉയരുകയും ചെയ്തതോടെയാണ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്താൻ തയാറായത്.
കുറവൻകോണം വീടാക്രമണം, മ്യൂസിയം ലൈംഗികാതിക്രമം എന്നീ കേസുകളിലെ പ്രതി സന്തോഷ് തന്നെയാണെന്ന് പൊലീസ് രാവിലെ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരാതിക്കാരിയെ വിളിച്ചുവരുത്തി സ്വാഭാവിക നടപടിയെന്നോണം തിരിച്ചറിയൽ പരേഡ് നടത്തിയത്. അതേസമയം, കുറവൻകോണം ആക്രമണത്തിൽ തെളിവെടുപ്പ് ഇന്ന് ഉണ്ടായേക്കും. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് കൈമാറാൻ പരാതിക്കാരിയോട് ആവശ്യപ്പെട്ടു.
സി.സി.ടി.വി ദൃശ്യങ്ങളും സന്തോഷിന്റെ ഫോണ്‍ രേഖകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരും ഒരാള്‍ തന്നെയാണെന്ന കാര്യം വ്യക്തമായത്. ഇയാള്‍ കാര്‍ മ്യൂസിയം വളപ്പില്‍ കൊണ്ടിടുന്നതും ആക്രമണശേഷം വാഹനമെടുത്ത് പോവുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത്. ഈ സമയങ്ങളില്‍ സന്തോഷിന്റെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും ഇവിടങ്ങളിലായിരുന്നു.
കുറവന്‍കോണം പ്രതിയും തന്നെ ആക്രമിച്ച പ്രതിയും ഒരാളാണെന്ന് പരാതിക്കാരി മീഡിയവണിനോട് വ്യക്തമാക്കിയിരുന്നു. ഇന്നലെ രാത്രിയാണ് കുറവന്‍കോണം വീടാക്രമണ കേസില്‍ സന്തോഷിനെ പൊലീസ് പിടികൂടിയത്. കുറവൻകോണത്ത് അതിക്രമം നടന്ന വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് സന്തോഷിനെ പൊലീസ് പിടികൂടിയത്.
അതേസമയം, ജലസേചന മന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായ റോഷി അഗസ്റ്റിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ ഡ്രൈവറായ പ്രതി സന്തോഷിനെ ജോലിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. വാട്ടർ അതോറിറ്റിയിലെ കരാർ ജീവനക്കാരനാണ് ഇയാൾ.