‘മുനമ്പത്തെ വഖഫ് ഭൂമി അന്യാധീനപ്പെടുത്തി’; ഫാറൂഖ് കോളജ് മാനേജ്മെന്റിനെതിരെ പരാതി

എറണാകുളം റൂറല്‍ എസ്പി ക്കാണ് പരാതി നല്‍കിയത്

Update: 2024-12-18 02:21 GMT
Advertising

കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി അന്യാധീനപ്പെടുത്തിയ ഫാറൂഖ് കോളജ് മാനേജ്മെന്റിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി. വഖഫ് സംരക്ഷണ സമിതി പ്രവർത്തകരായ മുഹമ്മദ് അമാനുള്ള, എ.എം സുന്നഹജന്‍ എന്നിവരാണ്​ എറണാകുളം റൂറല്‍ പൊലീസില്‍ പരാതി നല്‍കിയത്. മുനമ്പത്തെ 404 ഏക്കർ വഖഫ് ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന വഖഫ് സംരക്ഷണ സമിതിയിലെ അംഗങ്ങളാണ് ഇവർ​. എറണാകുളം റൂറല്‍ എസ്പി ക്കാണ് പരാതി നല്‍കിയത്.

1950ല്‍ വഖഫായി രജിസ്റ്റർ ചെയ്ത്​ ഫാറൂഖ് കോളജിന് കൈമാറിയതാണ് മുനമ്പത്തെ വഖഫ് ഭൂമിയെന്ന്​ ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടി . മുസ്ലിം സമുദായത്തിന്റെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കേണ്ട ഭൂമി കൈമാറാന്‍ പാടില്ലെന്ന് ആധാരത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ, ഫാറൂഖ് കോളജ് മാനേജ്മെന്റ് കമ്മിറ്റിയും പവർ ഓഫ് അറ്റോണി ലഭിച്ച അഡ്വ. എം.വി പോളും ചേർന്ന് ഭൂരിഭാഗം ഭൂമിയും വിറ്റഴിച്ചു. ഈ വില്‍പ്പനക്ക് വഖഫ് ബോർഡിന്റെ അനുമതി ലഭിച്ചിട്ടില്ല. കോടികളുടെ വഖഫ് ഭൂമി നഷ്ടപ്പെടുത്തിയ ഫാറൂഖ് കോളജ് മാനേജ്മെന്റിനെതിരെ വഖഫ്, രജിസ്ട്രേഷന്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് ഇവർ പരാതിയിൽ ആവശ്യപ്പെടുന്നത്​.

വഖഫ് ഭൂമികള്‍ സംരരക്ഷിക്കാന്‍ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതി ദീർഘകാലമായി സമരത്തിലാണ്. സമിതി സംഘടിപ്പിച്ച യോഗത്തില്‍ വിവിധ മതസംഘടനാ നേതാക്കള്‍ പങ്കെടുത്തിരുന്നു. ജനുവരി നാലിന് എറണാകുളത്ത് വഖഫ് സംരക്ഷണ സമ്മേളനവും നടത്തുന്നുണ്ട്. അതേസമയം, മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നാണ് ഫറൂഖ് കോളജ് മാനേജ്മെന്റിന്റെ നിലപാട്.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News