കളമശ്ശേരി സ്ഫോടനത്തിൽ മതസ്പർധാ പ്രസ്താവന; എം.വി ഗോവിന്ദനും സെബാസ്റ്റ്യൻ പോളിനുമെതിരെ പരാതി

ഇവർക്കെതിരെ ഐ.പി.സി 153 എ ചുമത്തി കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

Update: 2023-10-30 14:02 GMT
Advertising

കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മതസ്പർധ വളർത്തുന്ന പ്രസ്താവനകൾ നടത്തിയ രാഷ്ട്രീയ- സാമൂഹിക നേതാക്കൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവി​ന്ദൻ, ബിജെപി സംസ്ഥാന സമിതിയം​ഗം സന്ദീപ് വാര്യർ, ഇടതു സഹയാത്രികനും മുൻ എം.പിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ, റിവ തോളൂർ ഫിലിപ്പ് എന്നിവർക്കെതിരെയാണ് പരാതി.

കെ.പി.സി.സി ഡിജിറ്റൽ മീഡിയാ സെൽ കൺവീനർ സരിൻ പി ആണ് പരാതി നൽകിയത്. ഇവരുടെ പ്രസ്താവനകൾ ഇരു മതവിഭാഗങ്ങൾ തമ്മിലുള്ള വെറുപ്പിനും സാമുദായിക സ്പർധയ്ക്കും കാരണമാകുമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രചരിപ്പിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും പരാതിയിൽ പറയുന്നു.

ഇവർക്കെതിരെ ഐ.പി.സി 153 എ ചുമത്തി കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഇവരുടെ പ്രസ്താവനകളുടെ വാർത്താ ലിങ്കുകളും ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകളും ഉൾപ്പെടുത്തിയാണ് പരാതി.


'ലോകമെമ്പാടും ഫലസ്തീൻ ജനവിഭാഗങ്ങൾക്കൊപ്പം അണിനിരന്നു മുന്നോട്ടുപോകുമ്പോൾ, കേരള ജനത ഒന്നാകെ ഫലസ്തീൻ ജനതയ്ക്ക് ഒപ്പംനിന്നു പൊരുതുമ്പോൾ, അതിൽനിന്ന് ജനശ്രദ്ധ മാറ്റാൻ പര്യപ്തമാകുന്ന ഭീകരമായ നിലപാട് ആരുടെ ഭാഗത്തുനിന്നുണ്ടായാലും കർശന നിലപാട് സ്വീകരിക്കും'- എന്നായിരുന്നു എം.വി ​ഗോവിന്ദ‍ന്റെ പ്രസ്താവന.

കളമശ്ശേരി സ്‌ഫോടനത്തെ ഇസ്രായേലിന്റെ ഫലസ്തീൻ ആക്രമണത്തിനുള്ള പ്രതികാരമായാണ് കഴിഞ്ഞദിവസം ടെലിവിഷൻ ചർച്ചയിൽ സെബാസ്റ്റ്യൻ പോൾ വിശേഷിപ്പിച്ചത്. സംഭവം നടന്ന് മിനിറ്റുകൾക്കകം റിപ്പോർട്ടർ ടി.വിയിൽ ചാനല്‍ മേധാവി നികേഷ് കുമാര്‍ നടന്ന തത്സമയ ചർച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വാദം. ജൂതന്മാരെ ആക്രമിക്കാൻ കിട്ടാത്തതുകൊണ്ട് യഹോവയുടെ പേരിൽ സമ്മേളിക്കുന്നവരെ ആക്രമിക്കാനുള്ള വിദൂരസാധ്യതയെങ്കിലുമുണ്ടെന്നായിരുന്നു ആക്രമണത്തിനു പശ്ചാത്തലമായി സെബാസ്റ്റ്യൻ പോൾ പറഞ്ഞത്.

പശ്ചിമേഷ്യയിൽ ഫലസ്തീൻ പ്രശ്‌നം നടക്കുമ്പോൾ ഇവിടെ പലകാര്യങ്ങളും സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, 'ഭീകരാക്രമണത്തിന്' ഉത്തരവാദികൾ സുരക്ഷാ വീഴ്ച വരുത്തിയ കേരള സർക്കാരും ഹമാസ് ഭീകരതയെ ഉളുപ്പില്ലാത്തെ ന്യയീകരിച്ച സി.പി.എം- കോൺഗ്രസ് നേതാക്കളുമാണെന്നായിരുന്നു സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്. 'കളമശ്ശേരിയിലെ ഭീകരാക്രമണം അപ്രതീക്ഷിതമല്ലെന്നും കുന്തിരിക്കം വാങ്ങിവച്ചോളാൻ നേരത്തെ പറഞ്ഞതാണല്ലോ'യെന്നും ഇയാൾ പറഞ്ഞിരുന്നു.

എന്നാൽ കേസിൽ ഡൊമിനിക് മാർട്ടിൻ കീഴടങ്ങുകയും പോസ്റ്റ് വിവാദമാവുകയും ചെയ്തതോടെ സന്ദീപ് വാര്യർ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിയൂരുകയായിരുന്നു. സന്ദീപ് വാര്യർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ജിൻഷാദും ആലുവ റൂറൽ എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു റിവ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിൽ‌ എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റിന്റെ പരാതിയിൽ മതവിദ്വേഷം വളർത്തിയതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 





Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News