തൊഴിൽ പീഡനമുണ്ടായിട്ടും ഇടപെട്ടില്ല; നോർക്കയ്‌ക്കെതിരേ വീട്ടമ്മ കോടതിയിലേക്ക്
പരാതി പുറത്തുവരാതിരിക്കാന്‍ നോര്‍ക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജന്‍റും കുവൈത്തിലെ അറബിയും ഗൂഢാലോചന നടത്തിയെന്നും ഇവർ ആരോപിച്ചു.
നോര്‍ക്കയ്ക്കെതിരേ നിയമനടപടിയ്ക്കൊരുങ്ങി വീട്ടമ്മ. കുവൈത്തില്‍ വീട്ടുജോലിക്ക് പോയ ശേഷം ക്രൂരമായ തൊഴില്‍പീഡനത്തിനും ശാരീരിക ഉപദ്രവത്തിനും ഇരയായ തിരുവനന്തപുരം സ്വദേശി സിമിയാണ് കോടതിയെ സമീപിക്കുന്നത്. പരാതിപ്പെട്ടിട്ടും നോർക്ക ഇടപെട്ടില്ലെന്ന് സിമി പറഞ്ഞു. പരാതി പുറത്തുവരാതിരിക്കാന്‍ നോര്‍ക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജന്‍റും കുവൈത്തിലെ അറബിയും ഗൂഢാലോചന നടത്തിയെന്നും ഇവർ ആരോപിച്ചു.
2019 സെപ്റ്റംബര്‍ 26നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിമി കുവൈത്തിലേക്ക് വിമാനം കയറുന്നത്. നോര്‍ക്ക റൂട്ട്സ് മുഖേന വീട്ടുജോലിക്കായി കുവൈത്തിലെ സബ അല്‍ അഹമ്മദിലുള്ള ഹസ്സന്‍ എന്ന അറബിയുടെ വീട്ടിലെത്തിയത്. രാവിലെ 6 മണിക്ക് തുടങ്ങുന്ന വീട്ടുജോലികള്‍ അടുത്ത ദിവസം പുലര്‍ച്ചെ 2 മണിവരെയെങ്കിലും തുടരും. ആദ്യ രണ്ട് മാസവും ശമ്പളവും മുടങ്ങിയതോടെ പരാതി നാട്ടിലെ നോര്‍ക്ക് ഏജന്‍റ് ബിജുവിനെ അറിയിച്ചു. പിന്നീട് പുറം ലോകം അറിയാതിരുന്ന 9 മാസക്കാലം കടുത്ത വന്ന ക്രൂരതകള്‍ സിമി അനുഭവിക്കേണ്ടി വന്നത്.
ഇതിനിടെ സിമിക്ക് ഹൃദയാഘാതവും വന്നു. ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ ജോലിഭാരം കൂട്ടി ഹസന്‍റെ ഭാര്യ പീഡനം തുടര്‍ന്നു. ആശുപത്രി രേഖകള്‍ നശിപ്പിച്ചു. പരാതി അറിയിക്കാതിരിക്കാന്‍ ഫോണ്‍ ഹസന്‍ തട്ടിയെടുത്തു.
നോര്‍ക്ക ഏജന്‍റ് ബിജുവും ഹസനും ചേര്‍ന്ന് ഗൂഡാലോചന നടത്തിയാണ് തന്‍റെ പരാതി പുറംലോകത്തെ അറിയിക്കാതിരുന്നതെന്ന് സിമി പറയുന്നു. നാട്ടില്‍ തിരിച്ചെത്തി സംഭവങ്ങള്‍ നോര്‍ക്കയെ അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്നും സിമി പറയുന്നു. കുവൈത്തിലെ തൊഴില്‍പീഡനങ്ങള്‍ കാരണം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നിരവധി ഉണ്ടെങ്കിലും നോര്‍ക്കയ്ക്കെതിരെ നിയമനടപടിയ്ക്കൊരുങ്ങുകയാണ് സിമി.