ബാർബർ, ലബ്ബ വിഭാഗങ്ങൾക്ക് പൊതുയോഗത്തിൽ വിലക്ക്; ചങ്ങനാശേരി പുതൂർ മുസ്‌ലിം ജമാഅത്തിൽ വിവേചനമെന്ന് പരാതി
കഴിഞ്ഞ ദിവസം പൊതുയോഗത്തിൽ പങ്കെടുത്തയാൾക്ക് നോട്ടീസ് നൽകി
കോട്ടയം: ചങ്ങനാശേരി പുതൂർ മുസ്‌ലിം ജമാഅത്തിൽ വിവേചനം. ബാർബർ, ലബ്ബ വിഭാഗങ്ങൾക്ക് പൊതുയോഗത്തിൽ പ്രവേശനമില്ല. കഴിഞ്ഞ ദിവസം പൊതുയോഗത്തിൽ പങ്കെടുത്തയാൾക്ക് നോട്ടീസ് നൽകി. ഭരണഘടനാ പ്രകാരമാണ് നോട്ടീസ് നൽകിയതെന്നാണ് മഹല്ല് ഭാരവാഹികൾ പറയുന്നത്.
കഴിഞ്ഞ ദിവസം നടന്ന മഹല്ല് പൊതുയോഗത്തിൽ പങ്കെടുത്തതോടെയാണ് അനീഷ് സാലി എന്നയാൾക്ക് നോട്ടീസ് നൽകിയത്. പൂർവികരുടെ പാരമ്പര്യം തെറ്റിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബാർബർ വിഭാഗത്തിൽപ്പെട്ട അനീഷിന് നോട്ടീസ് നൽകിയത്.
നൂറ്റാണ്ട് പഴക്കമുള്ള മഹല്ലിൽ ബാർബർ, ലബ്ബ വിഭാഗങ്ങൾക്ക് അംഗത്വമടക്കം നൽകില്ലെന്നും ഇക്കാര്യം ഇവരുടെ പൂർവികർ എഴുതി നൽകിയതാണെന്നുമാണ് പള്ളി ഭാരവാഹികളുടെ ന്യായം. എല്ലാവരെയും ഉൾകൊള്ളണമെങ്കിൽ പള്ളി ഭരണഘടന ഭേദഗതി ചെയ്യണമെന്നും അതിനുള്ള ശ്രമം ആരംഭിച്ചെന്നും ഭാരവാഹികൾ പറയുന്നു. പുതുതായുണ്ടായ നോട്ടീസ് വിവാദം മഹല്ലംഗങ്ങൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.