മുസ്‌ലിം ലീഗ് പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ച് യൂത്ത്‌കോൺഗ്രസ് മെമ്പർമാരാക്കുന്നുവെന്ന് പരാതി
കോഴിക്കോട് പേരാമ്പ്ര അരിക്കുളം പഞ്ചായത്തിലാണ് ലീഗ്-കോൺഗ്രസ് മെമ്പർഷിപ്പ് തർക്കം
കോഴിക്കോട്: മുസ്‌ലിംലീഗ് പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ച് യൂത്ത്‌കോൺഗ്രസ് മെമ്പർമാരാക്കുന്നുവെന്ന പരാതിയുമായി ലീഗ് പഞ്ചായത്ത് കമ്മറ്റി. കോഴിക്കോട് പേരാമ്പ്ര അരിക്കുളം പഞ്ചായത്തിലാണ് ലീഗ്-കോൺഗ്രസ് മെമ്പർഷിപ്പ് തർക്കം. നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനും, ലീഗ് നേതൃത്വത്തിനും ലീഗ് കമ്മറ്റി പരാതി നൽകി . ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് യൂത്ത് കോൺഗ്രസ് വിശദീകരണം.
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാപകമായി വ്യാജ മെമ്പർഷിപ്പ് ചേർക്കുന്നുവെന്നാണ് മുസ്‌ലിം ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ പരാതി. മുസ്‌ലിം ലീഗ് പ്രവർത്തകരും, അനുഭാവികളുമായവരെ തെറ്റിദ്ധരിപ്പിച്ചാണ് യൂത്ത് കോൺഗ്രസ് അംഗങ്ങളാക്കുന്നത്. അരിക്കുളം തറമ്മൽ-കാരയാട് മേഖലയിൽ മാത്രം ഇരുപതോളം കുടുംബങ്ങളിൽ ഇങ്ങനെ മെമ്പർഷിപ്പിച്ചെടുപ്പിച്ചുവെന്നും,അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റിയും, യൂത്ത് ലീഗ് കമ്മറ്റിയും പാർട്ടി മേൽ ഘടകങ്ങൾക്ക് നൽകിയ പരാതിയിൽ പറയുന്നു.
കോൺഗ്രസ് മേപ്പയൂർ ബ്ലോക് കമ്മറ്റിക്കും, ജില്ലാ കമ്മറ്റിക്കും നടപടി ആവശ്യപ്പെട്ട് ലീഗ് പ്രാദേശിക കമ്മറ്റി പരാതി നൽകിയിട്ടുണ്ട്. ഈ മെമ്പർഷിപ്പുകൾ റദ്ദാക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് നടപടിയില്ലെങ്കിൽ അരിക്കുളം പഞ്ചായത്തിലെ യു.ഡി.എഫ് സംവിധാനം ഉപേക്ഷിക്കാനാണ് ലീഗ് പഞ്ചായത്ത് കമ്മറ്റി തീരുമാനം.