കൊല്ലത്ത് സൈനികന്റെ ദേഹത്ത് പി.എഫ്.ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജം; സൈനികനും സുഹൃത്തും കസ്റ്റഡിയിൽ
പ്രശസ്തനാകാനുള്ള ആഗ്രഹമാണ് ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിലെന്ന് സുഹൃത്ത് മൊഴി നൽകി
കൊല്ലം: കടയ്ക്കലിൽ സൈനികന്റെ ദേഹത്ത് പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജം. പരാതി നൽകിയ സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുതുകിൽ പി.എഫ്.ഐ എന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും പൊലീസ് കണ്ടെടുത്തു. പ്രശസ്തനാകാനുള്ള ആഗ്രഹമാണ് ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിലെന്ന് സുഹൃത്ത് മൊഴി നൽകി.
ചിറയിൻകീഴിൽ നിന്നാണ് പെയിന്റും ബ്രഷും വാങ്ങിയതെന്നും തന്നെക്കൊണ്ട് ടീഷർട്ട് ബ്ലേഡ് ഉപയോഗിച്ച് കീറിച്ചുവെന്നും സുഹൃത്ത് നല്‍കിയ മൊഴിയില്‍ പറയുന്നു. ഷൈൻ മർദിക്കാൻ ആവശ്യപെട്ടുവെങ്കിലും ചെയ്‌തില്ലെന്നും ജോഷിയുടെ മൊഴിയിലുണ്ട്.
സുഹൃത്തിന് പണം കൊടുക്കാനായി പോകുന്ന സമയത്ത് വഴിയിൽ കുറച്ച് പേരെ കാണുകയും അവർ തന്നെ മർദിക്കുകയും വസ്ത്രം വലിച്ചുകീറി മുതുകത്ത് എന്തോ ചാപ്പ കുത്തുകയും ചെയ്തുവെന്നായിരുന്നു സൈനികന്റെ പരാതി. സുഹൃത്തിനെ വിളിച്ചുവരുത്തിയപ്പോഴാണ് പി.എഫ്.ഐ എന്ന് എഴുതിയതെന്ന് മനസിലായെന്നും പരാതിയിലുണ്ട്. പരാതിയിൽ പലയിടത്തും പൊരുത്തക്കേടുകൾ ഉള്ളതിനാല്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. സംഭവത്തിൽ മിലിറ്ററി ഇന്റലിജൻസും ഐ.ബിയുമുൾപ്പെടെ അന്വേഷണം നടത്തിയിരുന്നു.
രാജസ്ഥാനിലാണ് ഷൈൻ കുമാർ ജോലിചെയ്യുന്നത്. അവധി കഴിഞ്ഞ് മടങ്ങിപ്പോകുന്നതിന്റെ തലേദിവസമാണ് സംഭവം നടക്കുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലിലൽ ഷൈൻ കുമാർ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിന്നെങ്കിലും സുഹൃത്ത് ജോഷി സത്യം തുറന്നുപറയുകയായിരുന്നു.