‘ദേശാഭിമാനി ലേഖകനാണെന്ന് പറഞ്ഞിട്ടും കാര്യമുണ്ടായില്ല, മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞു’; മാധ്യമപ്രവർത്തകനെ പൊലീസ് മർദിച്ചതായി പരാതി
പൊലീസിലെ ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഎം
കണ്ണൂർ: മട്ടന്നൂർ ഗവ. പോളിടെക്നിക് കോളജിലെ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിന്റെ വാർത്ത ശേഖരിക്കാനെത്തിയ ദേശാഭിമാനി ലേഖകനെ പൊലീസ് മർദിച്ചതായി പരാതി. എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് വാഹനത്തിൽ കയറ്റുന്നതിന്റെ ഫോട്ടോ എടുത്തതിൽ പ്രകോപിതരായ പൊലീസുകാരാണ് ദേശാഭിമാനി മട്ടന്നൂർ ഏരിയാ ലേഖകൻ ശരത്ത് പുതുക്കുടിയെ മർദിച്ചത്. തിരിച്ചറിയൽ കാർഡ് കാണിച്ചെങ്കിലും പിടിച്ചുവച്ച് അസഭ്യം പറഞ്ഞ് മർദിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് പൊലീസ് ബസിൽ വലിച്ചിഴച്ചു കയറ്റി.
സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് സെക്രട്ടറി സി.പി റജിലിനെയും മർദിച്ചതായും പരാതിയുണ്ട്. പരിക്കേറ്റ ശരത്തിനെയും റജിലിനെയും കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശാഭിമാനി ലേഖകനെ ഉൾപ്പെടെ ആക്രമിച്ച പൊലീസിലെ ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഎം മട്ടന്നൂർ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു കാരണവുമില്ലാതെയാണ് ദേശാഭിമാനി ലേഖകൻ ശരത്ത് പു തുക്കുടിയെ ഒരുസംഘം പൊലീസുകാർ മർദിച്ചത്. സന്ദീപ്, ഷാജി, വിപിൻ, അശ്വൻ ആമ്പിലാട് തുടങ്ങിയ പൊലീസുകാരാണ് സംസ്ഥാന പൊലീസിൻ്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചത്. പൊലീസിലെ ഇത്തരം ക്രിമിനലുകൾക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും ഏരിയാ സെക്രട്ടറി എം. രതീഷ് ആവശ്യപ്പെട്ടു.
കോണ്‍സ്റ്റബില്‍ സന്ദീപ് കേട്ടാലറക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രിയെയും പാർട്ടി നേതാക്കളെയും അസഭ്യം പറഞ്ഞുവെന്ന് ശരത്ത് പുതുക്കുടി പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു. ഞാനിതിലും വലിയ കളികളിച്ചിട്ടാണ് ഇവിടെയെത്തിയെതെന്ന് അദ്ദേഹം വെല്ലുവിളിച്ചു. സസ്പെന്‍ഡ് ചെയ്താല്‍ തനിക്ക് പുല്ലാണെന്ന് പറഞ്ഞതായും ശരത്ത് പോസ്റ്റിൽ വ്യക്തമാക്കി.
അതേസമയം, പോസ്റ്റിന് താഴെ നിരവധി പേരാണ് വിമർശിച്ച് കമന്റ് ചെയ്തിട്ടുള്ളത്. ‘ദേശാഭിമാനിയില്‍ നിന്നാണെന്ന് പറഞ്ഞതാണ് പ്രശ്നം. ജനം ടിവിയില്‍ നിന്നാണെന്ന് പറയണമായിരുന്നു.പാര്‍ട്ടി ഭരിക്കുമ്പോള്‍ ഇത്തരത്തില്‍ പോസ്റ്റിട്ട് പോലീസുകാരുടെ മനോവീര്യം തകര്‍ക്കരുത്.നിങ്ങളുടെ പേര് സരത് ആയത് കൊണ്ട് കുഴപ്പമില്ല. ഷറഫു എന്ന് ആയിരുന്നെങ്കില്‍ പിന്നില്‍ ജമാഅത്ത്,എസ്.ഡി.പി.ഐ എന്നൊക്കെ ന്യായീകരണം വരുമായിരുന്നു’ -എന്നാണ് ഒരാളുടെ കമന്റ്.
‘ലോകത്തിലെ ഏറ്റവും മികച്ച പോലീസാണ് കേരള പോലീസ് എന്ന് ദേശാഭിമാനിയിൽ വായിച്ചിട്ട് അധികമായില്ല 🤭’ -എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
‘പോലീസുകാര് അല്ലേ വിട്ടു കള വെറുതെ ഓരോന്ന് പറഞ്ഞു അവരുടെ മനോവീര്യം തകർക്കരുത്, വല്ല മൈക്ക് ഒപ്പറേറ്റർമാരും ആയിരുന്നെങ്കിൽ കാണാമായിരുന്നു’ -എന്ന് മറ്റൊരാൾ പോസ്റ്റിന് താഴെ കുറിച്ചു.
ശരത്ത് പുതുക്കുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്നലെ പോളിടെക്നിക് കോളേജ് തെരഞ്ഞെടുപ്പായിരുന്നു. ദേശാഭിമാനി പത്രത്തിന്റെ ഏരിയാ ലേഖകനെന്ന നിലയില്‍ മട്ടന്നൂര്‍ പോളിടെക്നിക് കോളേജിന് മുന്നില്‍ ആഹ്ലാദപ്രകടനം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്നത് 3.45ടെയാണ്. 4.45 കഴിഞ്ഞതോടെ എസ്എഫ്ഐ ജയിച്ചതായി ഫലപ്രഖ്യാപനം വരുന്നു. തുടര്‍ന്ന് വിജയികളെ ആനയിച്ച് എസ്എഫ്ഐയുടെ പ്രകടനം. പ്രകടനത്തിനിടയില്‍ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുടലെടുത്തു. ഇതെല്ലാം ദൂരെനിന്ന് ഞാനും കാണുന്നുണ്ട്.
പഴയ എസ്എഫ്ഐ വിപ്ലവം ഉള്ളിലുണ്ടെങ്കിലും മാധ്യമപ്രവര്‍ത്തനകനാണല്ലോ എന്ന ഉറച്ചബോധ്യത്തില്‍ അനങ്ങാതെ നിന്നു. പൊലീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തീവീശി. പ്രകോപനം സൃഷ്ടിക്കാന്‍ കൂടിനിന്ന പത്തോ പതിനഞ്ചോ കെഎസ്‌യു-എബിവിപി പ്രവര്‍ത്തകരെ സ്ഥലത്ത് നിന്ന് മാറ്റിയാല്‍ തീര്‍ന്നേക്കാവുന്ന ഒരു പ്രശ്നം പൊലീസ് ലാത്തിച്ചാര്‍ജ് വരെ കൊണ്ടെത്തിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ തല്ലിച്ചതച്ചു. ശേഷം ഇടിവണ്ടിയില്‍ കയറ്റി ബൂട്ടും ലാത്തിയും ഉപയോഗിച്ച് വീണ്ടും പൊതിരെ തല്ലുന്നു. ഒരുനിമിഷം പഴയചോറ്റുപട്ടാളത്തെ ഓര്‍മ വന്നു.
പൊലീസ് ഇടിവണ്ടിയുടെ അടുത്തേക്ക് ഞാനും നീങ്ങി. അടച്ചിട്ട ഇടിവണ്ടിയില്‍ എത്തിവലിഞ്ഞ് വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുന്ന ചിത്രമെടുക്കാന്‍ ശ്രമിച്ചു. തല്ലാന്‍ നേതൃത്വം കൊടുത്ത എഎസ്ഐ ഇടിവണ്ടിയില്‍ നിന്ന് ഇറങ്ങിവന്നു. ഞാനയാളുടെ നെഞ്ചിലെ നെയിംബോര്‍ഡ് നോക്കി. കെ ഷാജി എന്നാണ് പേര്. എന്റെ ഫോണില്‍ ആ പേര് കുറിച്ചുവച്ചു. ഇതയാളും കണ്ടു. ലാത്തിച്ചാര്‍ജിനിടെ ആരുടെയോ നഖംകൊണ്ട് അയാളുടെ നെറ്റിയില്‍ ചെറുതായി ചോരപൊടിഞ്ഞിട്ടുണ്ട്.
കുറച്ചുനിമിഷങ്ങള്‍ക്ക് ശേഷം ഈ ഷാജി എന്ന എഎസ്ഐ കുറച്ച് പൊലീസുകാരെയും കൂട്ടി എന്റെ അടുക്കല്‍ വന്നു. ആരുടെയോ നഖംകൊണ്ട് ചോരപൊടിഞ്ഞ അയാളുടെ നെറ്റി കാട്ടി ഇവനെന്റെ തലയടിച്ച് പൊട്ടിച്ചുവെന്ന് ഒപ്പമുള്ള പൊലീസുകാരോട് പറഞ്ഞു. അവരെന്റെ നേര്‍ക്ക് പാഞ്ഞടുത്തു. ഞാന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന ദേശാഭിമാനി ലേഖകനാണെന്ന് പലതവണ അവരോട് പറഞ്ഞുനോക്കി. എന്റെ തിരിച്ചറിയല്‍ കാര്‍ഡ് അവര്‍ക്ക് നേരെ നീട്ടി. വീണ്ടും വീണ്ടും പറഞ്ഞുനോക്കി. നീ ദേശാഭിമാനീല്‍ ആയാല്‍ ഞങ്ങക്കെന്താടാ എന്നായീ പിന്നീടുള്ള ചോദ്യം. പരിധിവിട്ടപ്പോള്‍ ഞാനും എന്തൊക്കെയോ തിരിച്ചുപറഞ്ഞു.
കോണ്‍സ്റ്റബിള്‍മാരായ സന്ദീപ്, ജിനീഷ്, അശ്വിന്‍, വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പൂട്ടിട്ട് ഭീകരവാദിയെ പോലെ എന്നെ നടുറോഡിലൂടെ വലിച്ചിഴച്ച് ഇടിവണ്ടിയിലേക്ക് കൊണ്ടുപോയി. പിന്നീട് അവിടെ നിന്നായി മർദനം. കോണ്‍സ്റ്റബില്‍ സന്ദീപ് കേട്ടാലറക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രിയെയും പാര്‍ടി നേതാക്കളെയും അസഭ്യം പറയുന്നു. ഞാനിതിലും വലിയ കളികളിച്ചിട്ടാണ് ഇവിടെയെത്തിയെതെന്ന് വെല്ലുവിളിക്കുന്നു. എന്നെ സസ്പെന്‍ഡ് ചെയ്താല്‍ എനിക്ക് പുല്ലാണെന്ന് പറയുന്നു. അന്‍പത്തി രണ്ട് തികഞ്ഞ ഒരു എഎസ്ഐയും ഇടിവണ്ടിയിലുണ്ട്. അങ്ങേരുടെ നെഞ്ചില്‍ നെയിംബോര്‍ഡില്ല. എനിക്കിനി അത്രയേ സെര്‍വീസുള്ളൂ നിങ്ങളേക്കൊണ്ട് ആവുന്നത് ചെയ്യൂ എന്ന് സൗമ്യമായി അയാളും പറയുന്നു.
പൊലീസ് സ്റ്റേഷനിലെത്തുന്നതുവരെ ഇത് നീണ്ടു. സ്റ്റേഷന് മുന്നില്‍ പാര്‍ടി സഖാക്കള്‍ ഇടിവണ്ടിതടഞ്ഞു. ഞങ്ങളെ പുറത്തിറക്കി. മട്ടന്നൂര്‍ ഗവ. ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മർദനമേറ്റ സിപിഐ എം മട്ടന്നൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് സെക്രട്ടറി റെജിലും ഒപ്പമുണ്ട്.
പാര്‍ടിയാണ് ഞങ്ങള്‍ക്കൊപ്പമുള്ളത്.. അതിലോളം പ്രതീക്ഷ മറ്റൊന്നിലുമില്ല. മട്ടന്നൂര്‍ പൊലീസിലെ ചോറ്റുപട്ടാളത്തെ നിയമപരമായി നേരിടും. മുട്ടുമടക്കില്ല.