യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കി
പി.വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലായിരുന്നു മാർച്ച്
കോഴിക്കോട്: പി.വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിലെ ക്രിമിനലുകളെ ഒഴിവാക്കുക, മുഖ്യമന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.
കൊച്ചിയിൽ കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മലപ്പുറത്ത് എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകുന്ന വാഹനം പ്രവർത്തകർ തടഞ്ഞത് വലിയ സംഘർഷത്തിന് കാരണമായി. ഇതോടെയാണ് പ്രവർത്തകർ പാലക്കാട്- കോഴിക്കോട് ദേശീയപാത ഉപരോധിച്ചത്. സംഘർഷത്തിൽ പരിക്കേറ്റവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു.