ഇ.പി ജയരാജനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള ബന്ധത്തിൽ ആരോപണം ശക്തമാക്കി കോൺഗ്രസ്

കേരളത്തിലെ അഞ്ച് എൻ.ഡി.എ സ്ഥാനാർത്ഥികൾ ശക്തരാണ് എന്ന ഇ.പി ജയരാജന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.

Update: 2024-03-18 00:50 GMT
Advertising

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള ബിസിനസ് ഇടപാട് ആരോപണം ശക്തമാക്കി കോൺഗ്രസ്. ഇ.പി ജയരാജന്റെ കുടുംബാംഗങ്ങളും നിരാമയ റിട്രീറ്റ്‌സ് ജീവനക്കാരും ഒന്നിച്ചുള്ള ചിത്രം കോൺഗ്രസ് പുറത്തുവിട്ടു. എൽ.ഡി.എഫ് കൺവീനർ എൻ.ഡി.എ കൺവീനർ ആയി മാറിയതിന്റെ തെളിവാണ് ഇതെന്ന് ചിത്രം പുറത്തുവിട്ട കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ആരോപിച്ചു.

കേരളത്തിലെ അഞ്ച് എൻ.ഡി.എ സ്ഥാനാർത്ഥികൾ ശക്തരാണ് എന്ന ഇ.പി ജയരാജന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. തൊട്ടുപിന്നാലെ ജയരാജനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള ബിസിനസ് ഇടപാട് ആരോപണം കോൺഗ്രസ് ഉയർത്തി. ഇതിനെ എൽ.ഡി.എഫ് കൺവീനർ തള്ളുകയും ചെയ്തു. എന്നാൽ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ്‌സിലെ ജീവനക്കാരും ഇ.പിയുടെ കുടുംബാംഗങ്ങളും ഒന്നിച്ചുള്ള ചിത്രം പുറത്തുവന്നതോടെ വിവാദം വീണ്ടും വളരുകയാണ്. വൈദേഹം റിസോർട്ട് നിരാമയ ഏറ്റെടുത്തപ്പോൾ പകർത്തിയതാണ് ചിത്രം. ഇത് എൽ.ഡി.എഫും എൻ.ഡി.എയും തമ്മിലുള്ള അന്തർധാര വ്യക്തമാക്കുന്നു എന്നും ചിത്രം പുറത്തുവിട്ട ജോതികുമാർ ചാമക്കാല ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ വിഷയം ഇരു മുന്നണികൾക്കുമെതിരെ പ്രചാരണ ആയുധമാക്കി മാറ്റാനാണ് യു.ഡി.എഫ് നീക്കം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News