രാഹുൽ മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു, കോൺഗ്രസ് സ്ഥാനാർഥി ചർച്ചകൾ നാളെ മുതൽ: വിഡി സതീശൻ
ആലപ്പുഴയിൽ ഉണ്ടായത് സാധാരണ സംഭവിക്കുന്ന കാര്യമാണെന്നും തന്നോട് ക്ഷുഭിതനാകാനുള്ള സ്വാതന്ത്ര്യം കെപിസിസി പ്രസിഡൻറിനുണ്ടെന്നും വിഡി സതീശൻ
കൊല്ലം: നാളെ മുതൽ കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ തുടങ്ങുമെന്നും അവ ഉടൻ പൂർത്തിയാക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് തന്നെയാണ് യുഡിഎഫിന്റെയും ആവശ്യമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കാര്യങ്ങളിൽ അന്തിമതീരുമാനം പറയേണ്ടത് ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴയിൽ ഉണ്ടായത് സാധാരണ സംഭവിക്കുന്ന കാര്യമാണെന്നും തന്നോട് ക്ഷുഭിതനാകാനുള്ള സ്വാതന്ത്ര്യം കെപിസിസി പ്രസിഡൻറിനുണ്ടെന്നും കെ സുധാകരനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ സമരാഗ്‌നി പ്രക്ഷോഭയാത്രയുടെ വാർത്താ സമ്മേളനത്തിൽ വിഡി സതീശൻ എത്താൻ വൈകിയതിനെ തുടർന്ന് കെ സുധാകരൻ ചൊടിച്ചിരുന്നു. അസഭ്യവാക്ക് ഉൾപ്പെടെ പ്രയോഗിച്ചാണ് അദ്ദേഹം മാധ്യമപ്രവർത്തകർക്കു മുന്നിൽ അതൃപ്തി പരസ്യമാക്കിയത്. പത്തു മണിക്കാണ് നേരത്തെ വാർത്താ സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാൽ, 11 മണിയോടെയാണ് കെ. സുധാകരൻ എത്തിയത്. അപ്പോഴും വി.ഡി സതീശൻ എത്തിയിരുന്നില്ല. ഏതാനും മിനിറ്റുകൾക്കകം അദ്ദേഹം എത്തുമെന്ന് അറിയിച്ചെങ്കിലും കാത്തിരിപ്പ് 20 മിനിറ്റോളം നീണ്ടു. ഇതോടെയാണ് സുധാകരൻ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്.
മാധ്യമങ്ങളുടെ കാമറകളും മൈക്കും എല്ലാം ഓൺ ആയി നിൽക്കെയായിരുന്നു സുധാകരൻ അസ്വസ്ഥത പരസ്യമാക്കിയത്. എവിടെയാണുള്ളതെന്നു വിളിച്ചുനോക്കാൻ സുധാകരൻ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ കേൾക്കാം. പത്രക്കാരെ വിളിച്ചുവരുത്തിയിട്ട് ഇങ്ങനെ കാത്തിരുത്തുന്നത് മോശമാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഇതിനിടയിലായിരുന്നു അസഭ്യപ്രയോഗവും നടത്തിയത്. ഇതിനിടെ ഷാനിമോൾ ഉസ്മാൻ ഇടപെട്ട് മൈക്ക് ഓണാണെന്ന് ഓർമിപ്പിച്ചു. ഇതോടെയാണ് അദ്ദേഹം സംസാരം നിർത്തിയത്.