കോൺഗ്രസ് ഓഫീസിന് സമീപം സി.പി.ഐ കൊടിനാട്ടി; ആലപ്പുഴയിൽ സംഘർഷം, ഹർത്താൽ

സംഭവത്തിൽ 25 പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റിരുന്നു

Update: 2022-05-05 04:38 GMT
Advertising

ആലപ്പുഴ: ആലപ്പുഴ ചാരുംമൂട്ടിൽ കോൺഗ്രസ്- സി.പി.ഐ സംഘർഷം. കോൺഗ്രസ് ഓഫീസിന് സമീപം സി.പി.ഐ കൊടി നാട്ടിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ 25 പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റിരുന്നു. അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനും കോണ്‍ഗ്രസ്, സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു. 

ഇന്നലെ വൈകീട്ടോടെയാണ് സംഘര്‍ഷമുണ്ടായത്. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന് സമീപമാണ് സി.പി.ഐ കൊടിനാട്ടിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവുമായെത്തി  കൊടിമരം പിഴുതി മാറ്റാന്‍ ശ്രമിച്ചതോടെ സംഘര്‍ഷത്തിലേക്ക് കടക്കുകയായിരുന്നു. പിന്നീട് നിരവധി പ്രവര്‍ത്തകരെത്തി പരസ്പരം ഏറ്റുമുട്ടി. കോണ്‍ഗ്രസിന്‍റെ ബ്ലോക്ക് കമ്മിറ്റി ഓഫീസടക്കം അടിച്ചുതകര്‍ക്കുകയും ചെയ്തു. കല്ലേറിലാണ് പൊലീസുകാര്‍ക്കടക്കം പരിക്കേറ്റത്. 

ഓഫീസ് അടിച്ചു തകര്‍ത്തതിലും പ്രവര്‍ത്തകരെ മര്‍ദിച്ചതിലും പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. നൂറനാട്, പാലമേല്‍, ചുനക്കര, താമരക്കുളം, തഴക്കര എന്നീ പ‍ഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. ഈ പ്രദേശങ്ങളില്‍ വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News