കോൺഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥികളെ രണ്ട് ദിവസത്തിനകം അറിയാം; എം. ലിജുവും സതീശൻ പാച്ചേനിയും പരിഗണനയില്‍
സി.പി.എമ്മിന്‍റേയും സി.പി.ഐ യുടേയും രാജ്യസഭാ സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു
കോൺഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥി ചർച്ച നാളെ ആരംഭിക്കും. എം ലിജുവിന്‍റേയും സതീശൻ പാച്ചേനിയുടെയും പേരുകളാണ് പരിഗണനയിലുള്ളത്. സി.പി.എമ്മിന്‍റേയും സി.പി.ഐ യുടേയും രാജ്യസഭാ സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് എ.എ റഹീമിനേയും സി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സന്തോഷ് കുമാറിനെയുമാണ് എല്‍.ഡി.എഫ് രാജ്യസഭാ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്.
രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. യുവാക്കള പരിഗണിക്കണമെന്ന് ദേശീയ നേതൃത്വം പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെ യുവനേതാക്കളായ എം ലിജുവിന്‍റേയും സതീശൻ പാച്ചേനിയുടെയും പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
എം. ലിജുവും കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടല്ല, സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനാണ് ഡല്‍ഹിയിലിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കാന്‍ തയാറെടുക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. മത്സരിക്കാൻ പരസ്യമായി താത്പര്യം പ്രകടിപ്പിച്ച മുതിർന്ന നേതാവ് കെ.വി.തോമസ് അടക്കമുള്ളവർക്കെതിരെ അതിരൂക്ഷ വിമർശനമാണ് പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെ ഉയര്‍ന്നത്.