"അംശവൃക്ഷം വീണു; മലയാളഭാഷ മരിച്ചു"; ആലങ്കോട് ലീലാകൃഷ്ണൻ
"വിടപറഞ്ഞത് മലയാളഭാഷയുടെ കാവൽക്കാരൻ"
കോഴിക്കോട്: മലയാള ഭാഷയുടെ ഏറ്റവും വലിയ കാവൽക്കാരനാണ് എം.ടിയുടെ വിയോഗത്തോടെ യാത്രയായതെന്ന് പ്രശസ്ത എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ. ശൂന്യത തോന്നുന്നു എന്ന് പറഞ്ഞാൽ വാക്കുകൾക്ക് അർഥമില്ലാതാവും. മലയാള ഭാഷയാണ് മരിച്ചത്. നാല് തലമുറയുടെ ഹൃദയത്തിൽ ഒരേ വികാരതീവ്രതയോടെയാണ് എം.ടി നിലനിന്നത്. വരും തിലമുറയും എം.ടിയെ ഏറ്റെടുക്കുമെന്നും ലീലാകൃഷ്ണൻ പറഞ്ഞു.
എം.ടി ഭാഷക്കായി ചെയ്ത സേവനങ്ങൾ വിലപ്പെട്ടതാണ്. അംശവൃക്ഷം വീണതുപോലൊരു ശൂന്യതയാണ് അനുഭവപ്പെടുന്നത്. തങ്ങൾ എല്ലാം അനാഥരായി. ഇനി ഇങ്ങനെ ഒരാളുണ്ടാവില്ലെന്നും ആലങ്കോട് ലീലാകൃഷ്ണൻ കൂട്ടിച്ചേർത്തു.
എത്രയോ ഭാഷകൾ മരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ എം.ടി ഞാൻ തന്നെയാണ് എൻ്റെ ഭാഷ എന്ന് പറഞ്ഞ് നിലനിന്നു. എം.ടി ചെയ്തത് തുടർന്നുകൊണ്ടുപോവാൻ എല്ലാവരും തയ്യാറാവണമെന്നും ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.