സംസ്ഥാനപാതയുടെ അലൈൻമെന്റ് മാറ്റാൻ മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ഇടപെട്ടെന്ന് കോൺഗ്രസ്
ഇന്ന് കൊടുമൺ പഞ്ചായത്തിൽ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു.
പത്തനംത്തിട്ട: മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് സംസ്ഥാനപാതയുടെ അലൈൻമെന്റ് മാറ്റാൻ ഇടപെട്ടതായി ആരോപണം. ഏഴംകുളം കൈപ്പട്ടൂർ റോഡിൽ കൊടുമൺ സ്റ്റേഡിയത്തിന് സമീപമുള്ള കെട്ടിടം സംരക്ഷിക്കാൻ അലൈൻമെന്റ് മാറ്റം വരുത്തി എന്നാണ് കോൺഗ്രസ് ആക്ഷേപം. ആരോപണത്തിന് പിന്നാലെ സിപിഎം അടിയന്തര യോഗം ചേർന്നു. കൊടുമൺ പഞ്ചായത്തിൽ ഇന്ന് യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സിപിഎമ്മിന്റെ മുതിർന്ന നേതാവും കൊടുമൺ പഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ ശ്രീധരൻ തടഞ്ഞ സംസ്ഥാന പാതയുടെ ഓട നിർമ്മാണം സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു നേരിട്ട് എത്തി ചെയ്യിച്ചു എന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. അതേസമയം ശ്രീധരൻ തന്നോട് എന്ത് വിരോധമാണെന്ന് അറിയില്ലെന്നും അദ്ദേഹം തന്നോട് സംസാരിക്കാറുമില്ലെന്നും മന്ത്രി വീണ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് മീഡിയവണിനോട് പറഞ്ഞു.
പുറമ്പോക്ക് ഭൂമിയിലുള്ള കോൺഗ്രസ് കെട്ടിടം സംരക്ഷിക്കാൻ നടത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇതിനു പിന്നിൽ എന്ന് ജോർജ് ജോസഫ് പറഞ്ഞു. എന്നാൽ, കോൺഗ്രസിന്റെ ഓഫീസിരിക്കുന്ന സ്ഥലത്തിന് കരവും കെട്ടിട നികുതിയും അടയ്ക്കുന്നുണ്ടെന്നും, പുറമ്പോക്ക് ഭൂമി അല്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കോൺഗ്രസ് ഇന്ന് കൊടുമൺ പഞ്ചായത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറുമണിമുതലാണ് ഹർത്താൽ.