'വിഴിഞ്ഞം തുറമുഖനിർമാണം അട്ടിമറിക്കാൻ ഗൂഢാലോചന': ഇവർക്ക് പറയാനുള്ളത്...
"സമരക്കാരെ നിശബ്ദമാക്കാനുള്ള സർക്കാർ ശ്രമമാണ് നടക്കുന്നത്, സമരവുമായി മുന്നേറാനാണ് തീരുമാനം"
വിഴിഞ്ഞം തുറമുഖ നിർമാണം അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നിൽ ഒമ്പതംഗ സംഘമെന്ന ആരോപണം സർക്കാർ തിരക്കഥയെന്ന് സമരനേതാക്കൾ. സമരക്കാരെ നിശബ്ദമാക്കാനുള്ള സർക്കാർ ശ്രമമാണ് നടക്കുന്നതെന്നും സമരവുമായി മുന്നേറാനാണ് തീരുമാനമെന്നും സമരസമിതി മീഡിയവൺ ഓൺലൈനിനോട് പ്രതികരിച്ചു.
എബിവിപി സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന കെ.വി ബിജു, ട്രാവൻകൂർ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ എ.ജെ വിജയൻ, ഐടി കൺസൾട്ടന്റ് പ്രസാദ് സോമരാജൻ, വലിയതോപ്പ് സ്വദേശി ബെഞ്ചമിൻ ഫെർണാണ്ടസ്, ഷാഡോ മിനിസ്ട്രി സംഘടനയുടെ നേതാവ് അഡ്വ. ജോൺ ജോസഫ്, കൊല്ലം അഞ്ചൽ സ്വദേശി ബ്രദർ പീറ്റർ, ആലപ്പുഴ അർത്തുങ്കൽ സ്വദേശി ജാക്‌സൺ പൊള്ളയിൽ, പുല്ലുവിള സ്വദേശിനി സീറ്റാ ദാസൻ എന്നിവരാണ് ഗൂഢാലോചനാ സംഘത്തിലുള്ളതെന്നായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട് പരാമർശിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്തത്.
അടുത്തിടെ നിരോധിച്ച ഒരു തീവ്രവാദ സംഘടനയിൽപ്പെട്ടവരും സംഘത്തിനൊപ്പമുണ്ടെന്നും ഒറ്റയ്ക്കുള്ള സമരം ലക്ഷ്യത്തിലെത്തില്ലെന്ന് കണ്ട് തീവ്ര ഇടത്,മൗലികവാദ സ്വഭാവമുള്ള സംഘടനകളെ കൂടെക്കൂട്ടി തീരദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് സമരാഭാസമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. സമരം അട്ടിമറിക്കാനുള്ള മറ്റേത് നീക്കത്തേയും പോലെ മാത്രമേ ഈ ആരോപണത്തെയും കാണുന്നുള്ളൂവെന്നും ആരോപണങ്ങൾക്കൊന്നും സമരം തടയാനാവില്ലെന്നുമായിരുന്നു സമരസമിതിയുടെ പ്രതികരണം.
സര്‍ക്കാര്‍ തിരക്കഥ തന്നെ-യൂജിന്‍ പെരേര
- റിപ്പോർട്ട് മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമായിട്ടേ കാണുന്നുള്ളൂ എന്നും സർക്കാരിന്റെ ആസൂത്രിത നീക്കമാണിതെന്നും ഫാ.യൂജിൻ പെരേര പ്രതികരിച്ചു.
ഇടതു സർക്കാരിന് കേന്ദ്ര സർക്കാർ നയം
കാർഷിക നയങ്ങൾക്കെതിരെ സമരം നടത്തിയ പാവപ്പെട്ട കർഷകരെ തീവ്രവാദികളെന്ന് വിളിച്ച കേന്ദ്ര സർക്കാർ നയം തന്നെയാണ് ഇടത് സർക്കാരിനെന്നും എന്തൊക്കെ ആരോപണങ്ങളുണ്ടായാലും തങ്ങളുടെ ജനത്തിന് വേണ്ടിയുള്ള സമരം ശക്തമായി തന്നെ മുന്നോട്ട് കൊണ്ടു പോകുമെന്നുമാണ് ജാക്‌സൺ പ്രതികരിച്ചത്.
"സമരം എല്ലാവരുടെയും ഗുണത്തിന് വേണ്ടിയുള്ളതാണ്. കടലും കടൽസമ്പത്തും സംരക്ഷിക്കുമെന്നായിരുന്നു സർക്കാരിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോ. അതിന് വിരുദ്ധമായി സർക്കാർ പ്രവർത്തിക്കുന്നത് കൊണ്ടാണ് സമരത്തിനിറങ്ങേണ്ടി വന്നത്".
കമ്മ്യൂണിസ്റ്റ് അനുഭാവിയാണ്, പക്ഷേ സർക്കാരിപ്പോൾ ചെയ്യുന്നതിനോട് വിയോജിപ്പ്
തങ്ങളൊക്കെയും കമ്മ്യൂണിസ്റ്റ് അനുഭാവമുള്ളവരാണെന്നും എന്നാൽ മത്സ്യത്തൊഴിലാളികളുടെ വികാരങ്ങൾ മാനിക്കാതെയുള്ള സർക്കാർ നടപടികളോട് യോജിക്കാനാവില്ലെന്നുമായിരുന്നു ബെഞ്ചമിന്റെ പ്രതികരണം.
"കടൽത്തീരത്ത് ജനിച്ചു വളർന്നയാളാണ് താൻ. തീരദേശത്തിന് പദ്ധതി ഗുണം ചെയ്യില്ല എന്ന ഉത്തമബോധ്യമുള്ളത് കൊണ്ടാണ് സമരവുമായി മുന്നോട്ടു പോകുന്നത്. 56 വയസ്സിനിടക്ക് ഒരു പെറ്റി കേസ് പോലും ഉണ്ടായിട്ടില്ല. ഇല്ലാത്ത കഥകളുണ്ടാക്കി മാന്യമായി ജീവിക്കുന്നവരെ ആക്ഷേപിക്കുന്ന സർക്കാർ രീതിയോട് വിയോജിപ്പുണ്ട്. തുറമുഖ നിർമാണം പ്രകൃതിക്കൊരിക്കലും ഗുണം ചെയ്യുന്നതല്ലെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടും നിർമാണം തുടരണമെന്ന് സർക്കാർ വാശിപിടിക്കുന്നതിന്റെ കാരണം മനസ്സിലാവുന്നില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തുറമുഖ നിർമാണം ചർച്ചയായപ്പോൾ ഇതേ കാരണം പറഞ്ഞ് എതിർത്ത എൽഡിഎഫ് ആണ് ഇന്ന് തുറമുഖനിർമാണത്തിന് മുന്നിൽ. ആർക്ക് വേണ്ടിയാണ് സർക്കാർ ഇത്തരത്തിൽ പെരുമാറുന്നത്?"