‘ഭൂരിപക്ഷ വർഗീയത ഇളക്കിവിടുന്നു’; സിപിഎമ്മിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി
‘ഉത്തരേന്ത്യയില്‍ ബിജെപി കൊണ്ടുനടക്കുന്ന രാഷ്ട്രീയം കേരളത്തില്‍ സിപിഎം പരീക്ഷിക്കുന്നു’
കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം മുസ്ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവെൻറ പ്രസ്താവനക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. സിപിഎം ഭൂരിപക്ഷ വർഗീയത ഇളിക്കിവിടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിജയരാഘവേൻറത് ക്രൂരമായ പരാമർശമാണ്. ഉത്തരേന്ത്യയില്‍ ബിജെപി കൊണ്ടുനടക്കുന്ന രാഷ്ട്രീയം കേരളത്തില്‍ സിപിഎം പരീക്ഷിക്കുന്നു. വോട്ടുചോരുന്നുവെന്ന ആധികൊണ്ടാണ് ഇത്രയും വർഗീയത പറയുന്നത്. പച്ചയ്ക്കാണ് വർഗീയത പറയുന്നത്. ഇത് കേരളമാണെന്ന് ഓർക്കണം. വർഗീയത പറഞ്ഞാൽ വിപരീത ഫലമാണ് ഉണ്ടാവുക. വയനാട്ടിലെ വോട്ടർമാരെ ഉൾപ്പെടെ തള്ളിപ്പറയുന്ന രീതിയാണ് വിജയരാഘവേൻറതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം മുസ്ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞത്. പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയുടെ ആളുകളായിരുന്നെന്നും വിജയരാഘവൻ ആരോപിച്ചു. സിപിഎം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.