വെണ്ണലയിലെ പുതിയ ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ പ്രവർത്തനം വൈകും
നിർമാണവുമായി ബന്ധപ്പെട്ട് പിടിഎയുടെ നിർദ്ദേശം കരാർ കമ്പനി പാലിക്കാതെ വന്നതാണ് കെട്ടിടം ഏറ്റെടുക്കൽ വൈകിയത്
കൊച്ചി: കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിത എറണാകുളം വെണ്ണലയിലെ ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടം പ്രവർത്തനം ആരംഭിക്കാൻ വൈകും. ഇന്ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നത് പഴയ കെട്ടിടത്തിലാകും. നിർമാണവുമായി ബന്ധപ്പെട്ട് പിടിഎയുടെ നിർദ്ദേശം കരാർ കമ്പനി പാലിക്കാതെ വന്നതാണ് കെട്ടിടം ഏറ്റെടുക്കൽ വൈകിയത്.
മാർച്ച് 31ന് 98 ശതമാനം പണികളും പൂർത്തിയായതാണ് വെണ്ണല സ്‌കൂളിലെ പുതിയ ഹയർ സെക്കൻഡറി കെട്ടിടത്തിന്റെ. എന്നാൽ, നിർമാണത്തിൽ പിടിഎ പരാതി ഉന്നയിക്കുകയും, അത് പരിഹരിക്കാൻ കരാർ കമ്പനി തയ്യാറാവുകയും ചെയ്യാതെ വന്നതോടെ, കെട്ടിടം ഏറ്റെടുക്കണമെന്ന കരാറുകാരന്റെ ആവശ്യം പ്രിൻസിപ്പൽ തള്ളി. ഇതോടെയാണ് കഴിഞ്ഞ തിങ്കളാഴ്ച ക്ലാസ് റൂമുകൾ പൂട്ടി താക്കോലുമായി കരാറുകാരൻ പോയത്.
വിഷയം വാർത്തയായതോടെ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടെങ്കിലും, പിടിഎ ഉന്നയിച്ച പോരായ്മകൾ പരിഹരിക്കണമെങ്കിൽ ദിവസങ്ങൾ വേണ്ടി വരും. ഓണത്തിന് മുൻപ് പുതിയ കെട്ടിടത്തിൽ പടിക്കാമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും, അധ്യാപകരും.