വായ്‌പാ രേഖകൾ നഷ്ടപ്പെടുത്തി; ബാങ്ക് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

ഹൗസിങ് ലോൺ അടച്ച ശേഷം ആധാരം തിരികെ നൽകാതിരുന്ന ഫെഡറൽ ബാങ്ക് അങ്കമാലി ബ്രാഞ്ചിന്റെ നടപടിക്കെതിരെയാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്.

Update: 2025-03-27 14:03 GMT
Consumer court orders bank to pay Rs 8 lakh compensation for loan documents lost
AddThis Website Tools
Advertising

കൊച്ചി: വായ്പയ്ക്ക് ഈടായി നൽകിയ ആധാരം നഷ്ടപ്പെടുത്തിയ ബാങ്ക് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും ഉപഭോക്താവിന് നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഹൗസിങ് ലോൺ അടച്ച ശേഷം ആധാരം തിരികെ നൽകാതിരുന്ന ഫെഡറൽ ബാങ്ക് അങ്കമാലി ബ്രാഞ്ചിന്റെ നടപടി സേവനത്തിലെ പിഴവ് ആണെന്ന് ചൂണ്ടിക്കാട്ടി മലയാറ്റൂർ സ്വദേശി ജോളി മാത്യു സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

ബാങ്കിൽ നിന്നുള്ള ഹൗസിങ് ലോൺ പലിശ ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 2021 ഡിസംബറിൽ അടച്ചുതീർത്തിരുന്നു. എന്നാൽ, ലോണിന് ഈടായി നൽകിയ ഭൂമിയുടെ ഒറിജിനൽ ആധാരം തിരികെ നൽകാൻ ബാങ്കിന് കഴിഞ്ഞില്ല. പരാതിക്കാരനെതിരെ ബാങ്ക് പറവൂർ സബ് കോടതിയിൽ സമർപ്പിച്ച ആധാരം, കാലഹരണപ്പെട്ട കോടതി രേഖകൾ നശിപ്പിക്കപ്പെട്ടതിനൊപ്പം നശിച്ചിരുന്നു.

ബാങ്കിന്റെ അനാസ്ഥ മൂലം ഉപഭോക്താവ് നേരിട്ട സാമ്പത്തിക- മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അം​ഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. ഉപഭോക്താവ് സമർപ്പിക്കുന്ന രേഖകളുടെ സംരക്ഷണ ഉത്തരവാദിത്തം ബാങ്കിനാണ്. കേസ് നടപടികൾക്ക് ശേഷം രേഖ തിരിച്ചുനൽകേണ്ടത് ബാങ്കിൻ്റെ ഉത്തരവാദിത്തമായിരുന്നു.

സർട്ടിഫൈഡ് കോപ്പി മാത്രമല്ല, ഒറിജിനൽ ആധാരവും നഷ്ടപ്പെടുന്നത് വൻ സാമ്പത്തിക പ്രത്യാഘാതങ്ങൾക്കും സ്വത്തിടപാടുകൾ തടസപ്പെടുന്നതിനും കാരണമാകുന്നതാണെന്നും കോടതി വിലയിരുത്തി. ഇത് പരിഗണിച്ച് നഷ്ടപരിഹാരത്തുക 45 ദിവസത്തിനകം ബാങ്ക് ഉപഭോക്താവിന് നൽകണമെന്നും കോടതി നിർദേശിച്ചു. പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News