പുനഃസംഘടനയിൽ തർക്കം; വി.ടി ബൽറാമും കെ. ജയന്തും കെ.എസ്.യു ചുമതല ഒഴിഞ്ഞു
കെ.പി.സി.സി നിർദേശം പൂർണമായും അവഗണിച്ചാണ് എൻ.എസ്.യു പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതെന്നാണ് ആക്ഷേപം.
തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചതിൽ കെ.പി.സി.സി നിർദേശം അവഗണിച്ചതായി പരാതി. ഇതിൽ പ്രതിഷേധിച്ച് വി.ടി ബൽറാമും കെ.ജയന്തും കെ.എസ്.യു ചുമതല ഒഴിഞ്ഞു. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വിവാഹം കഴിഞ്ഞവരെ അടക്കം ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയതെന്നാണ് ആക്ഷേപം.
കെ.എസ്.യു നേതാക്കൾ കെ.പി.സി.സിയുമായി ആലോചിച്ച് 35 ഭാരവാഹികളുടെ പട്ടികയാണ് ദേശീയ നേതൃത്വത്തിന് നൽകിയത്. ഇത്രയും ആളുകളെ ഭാരവാഹികളാക്കാനാവില്ല എന്ന നിലപാടാണ് എൻ.എസ്.യു നേതൃത്വം ആദ്യം സ്വീകരിച്ചത്. എന്നാൽ ഭാരവാഹികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും അടക്കം ഏകദേശം നൂറോളം പേരുടെ പട്ടികയാണ് എൻ.എസ്.യു ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
വിവാഹം കഴിഞ്ഞവർ കെ.എസ്.യു ഭാരവാഹിത്വത്തിൽ വേണ്ട എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതും പുതിയ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കെ.സി വേണുഗോപാൽ കെ.എസ്.യു നേതൃത്വത്തിലും പിടിമുറുക്കുന്നുവെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ ആരോപണം. എ, ഐ ഗ്രൂപ്പുകളെ പൂർണമായും അവഗണിച്ചാണ് പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതെന്നാണ് ഇവർ പറയുന്നത്.