മേയറുടെ പേരിലുള്ള കത്ത് വ്യാജമെന്ന നിഗമനത്തിൽ അന്വേഷണസംഘം; എഫ്.ഐ.ആർ ഉടൻ രജിസ്റ്റർ ചെയ്‌തേക്കും
മേയർക്കെതിരെയുള്ള പ്രതിപക്ഷ സമരത്തെ നേരിടാൻ സി.പി.എം
തിരുവനന്തപുരം: നഗരസഭ കത്ത് വിവാദത്തിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ചും വിജിലൻസും. കത്ത് വ്യാജമായി തയ്യാറാക്കിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എഫ്. ഐ.ആർ ഉടൻ രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. പൊതുമരാമത്ത് സ്റ്റാൻഡിങ് കൗൺസിൽ ചെയർമാൻ ഡി.ആർ അനിലിന്റെ മൊഴി അടുത്ത ദിവസം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. അതിനുശേഷം ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
മേയറുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴി അടുത്ത ദിവസം വിജിലൻസ് രേഖപ്പെടുത്തും. അതേസമയം, മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നാളെ മുതൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഇന്ന് വീണ്ടും യോഗം ചേരും. നഗരസഭയിലെ കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കമ്മിറ്റി വീണ്ടും ചേരുന്നത്. കത്ത് വിവാദം വിശദമായി ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. പ്രതിപക്ഷ സമരത്തെ നേരിടാൻ ബദൽ പ്രചരണം നടത്താൽ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം എടുത്തിരുന്നു.എൽ.ഡി.എഫ് രാജ്ഭവൻ ധർണക്ക് ശേഷം പ്രചരണ പരിപാടി തീരുമാനിക്കും.