എ.കെ.ജി സെന്റർ ആക്രമണം; ജിതിന്റെ ജാമ്യാപേക്ഷ തള്ളി

പ്രതി കരുതിക്കൂട്ടിയുള്ള കൃത്യമാണ് ചെയ്തതെന്നും എ.കെ.ജി സെന്ററിലേക്ക് ജിതിൻ എറിഞ്ഞത് ബോംബ് തന്നെയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Update: 2022-09-29 06:54 GMT
Advertising

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണ കേസിലെ പ്രതിയും യൂത്ത് കോൺ​ഗ്രസ് നേതാവുമായ ജിതിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി- മൂന്ന് ആണ് ഹരജി തള്ളിയത്.

പ്രതി കരുതിക്കൂട്ടിയുള്ള കൃത്യമാണ് ചെയ്തതെന്നും എ.കെ.ജി സെന്ററിലേക്ക് ജിതിൻ എറിഞ്ഞത് ബോംബ് തന്നെയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് നിരോധിച്ച പൊട്ടാസ്യം ക്ലോറൈറ്റിന്റെ സാന്നിധ്യം ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ജിതിൻ ഏഴു കേസുകളിൽ പ്രതിയാണ്. നിരോധിത വസ്തു ഉപയോഗിച്ച് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഓഫീസിലേക്ക് ആക്രമണം നടത്തുക, അതിലൂടെ കലാപമുണ്ടാക്കാന്‍ ശ്രമിക്കുക എന്നീ ഗുരുതര കുറ്റകൃത്യങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അതിനാല്‍ ജാമ്യം നല്‍കരുത് എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

എന്നാൽ കേസ് രാഷ്ട്രീയ നാടകമാണെന്ന നിലപാട് ആവർത്തിച്ച പ്രതിഭാ​ഗം, ഉപാധികളോട് ജാമ്യം നല്‍കണം എന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ഒക്ടോബര്‍ നാല് വരെയാണ് ജിതിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

പ്രതി ജിതിനെ കഴിഞ്ഞദിവസം എ.കെ.ജി സെന്ററിലെത്തിച്ച് തെളിവെടുത്തിരുന്നു. മാധ്യമങ്ങളെ അറിയിക്കാതെ പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു തെളിവെടുപ്പ്. പ്രതി സഞ്ചരിച്ച സ്‌കൂട്ടറിനെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.

പ്രതി ധരിച്ച ഷൂസ് ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞുവെന്ന് പറയുമ്പോഴും പ്രധാന തെളിവായിട്ടുള്ള ടീഷർട്ട് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൃത്യം നടത്തുമ്പോൾ ധരിച്ചിരുന്ന ഈ ടീഷർട്ട് കായലിൽ ഉപേക്ഷിച്ചെന്ന് പ്രതി പറഞ്ഞതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. പ്രതി സഞ്ചരിച്ച സ്‌കൂട്ടർ കണ്ടെത്തിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News