വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കോടതി നടപടികൾ ഇന്ന്
ഇന്നലെ ഇടക്കാല ജാമ്യം ലഭിച്ച ഒന്ന് മുതൽ നാല് വരെയുള്ള പ്രതികൾ ഇന്ന് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ഹാജരാകും
തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കോടതി നടപടികൾ ഇന്ന്. ഇന്നലെ ഇടക്കാല ജാമ്യം ലഭിച്ച ഒന്ന് മുതൽ നാല് വരെയുള്ള പ്രതികൾ ഇന്ന് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ഹാജരാകും. ഇതിനിടെ പ്രതികൾ പിടിയിലായത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാറിൽ നിന്നാണെന്ന തെളിയിക്കുന്ന നിർണായക വിവരങ്ങൾ മീഡിയവണിന് ലഭിച്ചു.
തിരുവനന്തപുരത്ത് നിന്നാണ് ഒന്നും രണ്ടും പ്രതികളായ ഫെനി നൈനാൻ, ബിനിൽ ബിനു എന്നിവർ പൊലീസിന്‍റെ പിടിയിലാകുന്നത്. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് KL 26 L 3030 എന്ന കാറിൽ നിന്നും ഇവരെ പൊലീസ് പിടികൂടിയത്. ഈ കാർ രാഹുൽ ബി.ആർ എന്ന രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്ന വിവരങ്ങളാണ് മീഡിയവണിന് ലഭിച്ചത്. ഇതേ കാറിനൊപ്പം താൻ നിൽക്കുന്ന ചിത്രം രാഹുൽ മുൻപ് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതടക്കമുള്ള തെളിവുകൾ ലഭിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച രാഹുലിനോട് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയത്. ഈ സമയത്തിനുള്ളിൽ നാല് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്. ഇന്ന് കോടതിയിൽ ഹാജരാകുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.
കോടതിയിൽ സർക്കാരിന് വേണ്ടി ഹാജരാകുന്നത് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ മുഹമ്മദ് ഷാഫിയാണ്. കീഴ്ക്കോടതിയിൽ മുതിർന്ന അഭിഭാഷകൻ ഹാജരാകുന്നത് അപൂർവ സംഭവമാണ്. സർക്കാർ നിർദേശത്തെത്തുടർന്നാണ് മുഹമ്മദ് ഷാഫി തന്നെ നേരിട്ട് ഹാജരാകുന്നത്. തുറന്ന കോടതിയിൽ കേസ് പരിഗണിക്കുന്നതിന് വേണ്ടിയാണ് ഇന്നലെ പ്രതികൾക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെ വരെ മാത്രമാണ് ജാമ്യം. 11 മണിയോടെ പ്രതികൾ കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.