കുറയാതെ കോവിഡ്: സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14ന് മുകളിൽ തുടരുകയാണ്.
സംസ്ഥാനത്ത് കുറയാതെ കോവിഡ് വ്യാപനം. ചികിത്സയിലിരിക്കുന്നവരുടെ എണ്ണം വീണ്ടും 1,80,000 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14ന് മുകളിൽ തുടരുകയാണ്. അതേസമയം സംസ്ഥാനത്ത് ഇന്നലെ അഞ്ച് ലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകി. കണ്ടെയ്ൻമെന്‍റ് സോണിൽ രോഗമില്ലാത്തവർക്ക് വാക്സിൻ നൽകാനാണ് തീരുമാനം.
സംസ്ഥാനത്ത് 20000ന് മുകളിലാണ് പ്രതിദിന രോഗികൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവില്ല. 12.03 ആണ് ഈ ആഴ്ചയിലെ ശരാശരി ടിപിആർ. മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിൽ രോഗ വ്യാപനം രൂക്ഷമാണ്. പ്രതിരോധ പ്രവർത്തനം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ തിങ്കളാഴ്ച കേരളത്തിലെത്തും.
അതേസമയം വാക്സിനേഷൻ ഊർജിതമാക്കാൻ സർക്കാർ തീരുമാനിച്ചു. 10 ജില്ലകളിൽ ദിനംപ്രതി 40,000 വീതം പേർക്ക് വാക്സിന്‍ നൽകും. ഈ മാസം 14, 15, 16 തിയ്യതികളിൽ വാക്സിൻ ഡ്രൈവ് നടത്തും. ഇന്നലെ അഞ്ച് ലക്ഷത്തി മുപ്പത്തി അയ്യായിരം പേർക്കാണ് വാക്സിൻ നൽകിയത് . ജനസംഖ്യയനുസരിച്ച് 58.55 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 22.94 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ 4.02 ലക്ഷം ഡോസ് വാക്സിൻ കൂടി സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്.