സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്നു; മതപരമായ ചടങ്ങുകൾക്കും നിയന്ത്രണം
വിവാഹം, മരണാനന്തര ചടങ്ങുകൾ അടക്കമുള്ള പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം നേരത്തെ നിജപ്പെടുത്തിയിരുന്നു. രോഗവ്യാപനം കൂടതൽ രൂക്ഷമായതോടെയാണ് മതപരമായ ചടങ്ങുകൾക്ക് കൂടി നിയന്ത്രണങ്ങൾ ബാധകമാക്കിയത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ടി.പി.ആർ 20ന് മുകളിലുള്ള ജില്ലകളിൽ മതപരമായ ചടങ്ങുകളിലും 50 പേർക്ക് മാത്രമാണ് അനുമതി. ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുന്നതും ടി.പി.ആർ കുത്തനെ ഉയരുന്നതും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
വിവാഹം, മരണാനന്തര ചടങ്ങുകൾ അടക്കമുള്ള പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം നേരത്തെ നിജപ്പെടുത്തിയിരുന്നു. രോഗവ്യാപനം കൂടതൽ രൂക്ഷമായതോടെയാണ് മതപരമായ ചടങ്ങുകൾക്ക് കൂടി നിയന്ത്രണങ്ങൾ ബാധകമാക്കിയത്. ഉത്സവസീസൺ വരാനിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് തീരുമാനം. ആൾക്കൂട്ട നിയന്ത്രണത്തിലൂടെ ഒരുപരിധി വരെ രോഗവ്യാപനം പിടിച്ചുനിർത്താമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. ടി.പി.ആർ കുത്തനെ ഉയരുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. മൂന്ന് ദിവസത്തിനിടെ ടി.പി.ആർ 10 ശതമാനത്തോളം ഉയർന്നു.
അടുത്ത മൂന്നാഴ്ചക്കാലം രോഗവ്യാപനം അതിതീവ്രമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ ഇന്നലെ ആയിരത്തിൽ കൂടുതൽ രോഗികൾ ഉണ്ടായി. തിരുവനന്തപുരത്ത് 4694ഉം എറണാകുളത്ത് 2637ഉം ആയിരുന്നു ഇന്നലത്തെ കണക്ക്. ആരോഗ്യപ്രവർത്തകരിൽ കൂടുതലായി രോഗം കണ്ടെത്തുന്നതും പ്രതിസന്ധി ഉണ്ടാക്കുന്നു. സംസ്ഥാനത്ത് 78 ആക്ടീവ് കോവിഡ് ക്ലസ്റ്ററുകളുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ദിനംപ്രതി ഒമിക്രോൺ രോഗികളുടെ എണ്ണവും വർധിക്കുകയാണ്. 48 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 528 ആയി.