കോവിഡ് രോഗി സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദം
രോഗം മറച്ചുവെച്ച് ശ്രീധരനും ഭാര്യയും സമ്മേളനത്തില്‍ പങ്കെടുത്തതിനെ ചൊല്ലി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും അഭിപ്രായ ഭിന്നതയുണ്ടായിരുന്നു
കോവിഡ് രോഗി സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്തതായി ആരോപണം. പാലക്കാട് കണ്ണാടിയിലെ തണ്ണീര്‍ പന്തല്‍ ബ്രാഞ്ച് സമ്മേളനത്തിലാണ് കോവിഡ് രോഗി പങ്കെടുത്തത്. പാര്‍ട്ടി അംഗമായ ശ്രീധരനും ഭാര്യയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമ്മേളനത്തില്‍ പങ്കെടുത്തതാണ് വിവാദമായത്. ശ്രീധരന് കഴിഞ്ഞ അഞ്ചാം തിയ്യതിയാണ് കോവിഡ് പോസിറ്റീവായത്.
എന്നാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോളുടെ സാന്നിധ്യത്തിലായിരുന്നു മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയുള്ള ബ്രാഞ്ച് സമ്മേളനം. രോഗം മറച്ചുവെച്ച് ശ്രീധരനും ഭാര്യയും സമ്മേളനത്തില്‍ പങ്കെടുത്തതിനെ ചൊല്ലി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ബിനുമോള്‍ കോവിഡ് രോഗിയെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയായിരുന്നുവെന്നാണ് ആരോപണം.
ഒക്ടോബര്‍ അഞ്ചിന് ആന്റിജന്‍ ടെസ്റ്റിലൂടെയായിരുന്നു ശ്രീധരന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതുപ്രകാരം ശ്രീധരനും അദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കമുള്ള കുടുംബാംഗങ്ങളും ക്വാറന്റീനില്‍ കഴിയണം. ഇത് തെറ്റിച്ചാണ് ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഈ മാസം ഒന്നാം തീയതി മുതല്‍ സ്വയം നിരീക്ഷണത്തിലായിരുന്നുവെന്നും പത്തു ദിവസമായതു കൊണ്ടാണ് സമ്മേളനത്തില്‍ പങ്കെടുത്തതെന്നുമാണ് ശ്രീധരന്റെ വിശദീകരണം.