കോവിഡ്: കാസർകോട് ജില്ലയിലെ വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനത്തിന് നിയന്ത്രണം
കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ നഗരങ്ങളിലാണ് നിയന്ത്രണം
കോവിഡ് വ്യാപനം ശക്തമായതോടെ കാസർകോട് ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. 14 ദിവസത്തിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തി ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റോ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുകയുള്ളു.
കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ നഗരങ്ങളിലാണ് നിയന്ത്രണം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ.
പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തും. ഈ പരിശോധനാ കേന്ദ്രങ്ങളോട് അനുബന്ധിച്ച് കോവിഡ് പരിശോധനയും വാക്സിനേഷനും നൽകാനുള്ള സംവിധാനവും ഒരുക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു.